നന്ദനത്തിലെ ബാലാമണിയായി എത്തി മലയാളിയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായർ. പിന്നീട് നിരവധി സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ നവ്യ മലയാള സിനിമയിലെ മികച്ച നായികമാരിലൊരാളായി മാറുകയായിരുന്നു. ഇപ്പോഴിതാ വി.കെ പ്രകാശ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് താരം. തിരിച്ചു വരവിന് പ്രചോദനമായത് മഞ്ജു വാര്യർ ആയിരുന്നെന്നും നവ്യ പറയുന്നു.
'എട്ടുവർഷങ്ങൾ എന്നെ സംബന്ധിച്ച് വലിയ കാലയളവല്ല. കാരണം ആ കാലമത്രയും തിരക്കിൽ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുമ്പേ മകൻ ജനിച്ചു. പിന്നെ അവന്റെ കാര്യങ്ങൾക്കായി മുൻഗണന. അതിനിടയിൽ ദൃശ്യത്തിന്റെ കന്നഡ ചെയ്‌തിരുന്നു. അന്ന് പാലുകുടി പോലും മാറാത്ത മോനെ എടുത്താണ് ലൊക്കേഷനിൽ പോയത്. ഇടയ്‌ക്കൊക്കെ കഥകൾ കേൾക്കുണ്ടായിരുന്നു. പക്ഷേ തിരിച്ചുവരവിൽ ചെയ്യേണ്ട സിനിമയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മഞ്ജു ചേച്ചി ശക്തമായി തിരിച്ചു വന്നത് കണ്ടപ്പോൾ കോൺഫിഡൻസ് കൂടി. എന്നിട്ടും എല്ലാം ഒത്തുവരാൻ 2020 വരെ കാത്തിരിക്കേണ്ടി വന്നു'- നവ്യ പറയുന്നു.