ബാഗ്ദാദ്: ഇറാക്കിൽ യു.എസ് സൈനികർ തമ്പടിച്ചിരിക്കുന്ന വ്യോമത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം. ബാഗ്ദാദിന് വടക്കായി സ്ഥിതിചെയ്യുന്ന താജി വ്യോമത്താവളത്തിന് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇറാക്ക് സൈന്യം അറിയിച്ചു. യു.എസ് സൈനികരും ഇറാക്കി സൈനികരുമാണ് സംഭവം നടക്കുന്ന സമയത്ത് വ്യോമത്താവളത്തിലുണ്ടായിരുന്നത്. ഒരു റോക്കറ്റ് മാത്രമാണ് വ്യോമത്താവളത്തിൽ പതിച്ചതെന്നാണ് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഞായറാഴ്ച ബലാദിലെ വ്യോമത്താവളത്തിന് നേരേയും റോക്കറ്റ് ആക്രമണം നടന്നിരുന്നു. യു.എസ് സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നാല് ഇറാക്കി സൈനികർക്ക് പരിക്കേറ്റിരുന്നു.
ഉക്രെയിൻ വിമാനത്തിന് നേരേ ഇറാന്റെ മിസൈൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ
ഉക്രെയിൻ വിമാനത്തിന് നേരേ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടയാളെ ഇറാൻ റെവല്യൂഷനറി ഗാർഡ് പിടികൂടി.
ദിവസങ്ങൾക്ക് മുമ്പാണ് ഇറാനിൽ ഉക്രെൻ വിമാനം തകർന്നുവീണ് 186 പേർ മരിച്ചത്. എന്നാൽ വിമാനം ഇറാൻ വെടിവച്ചിട്ടതാണെന്ന് കാനഡയും യു.എസും അടക്കമുള്ള ലോകരാജ്യങ്ങൾ സംശയം പ്രകടിപ്പിച്ചു. ഇതിനുപിന്നാലെയാണ് വിമാനം തകർന്നത് തങ്ങളുടെ മിസൈലേറ്റാണെന്ന് ഇറാൻ സമ്മതിച്ചത്. സൈനികർക്ക് സംഭവിച്ച അബദ്ധമാണ് ഇതിനു കാരണമായതെന്നും വ്യക്തമായിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിനായി പ്രത്യേക കോടതി സ്ഥാപിക്കാൻ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെ സംഭവത്തിന് ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായും ഇറാൻ അറിയിച്ചിരുന്നു.