ശബരിമല: 'ഇളയരാജാ,... ഹരിവരാസനം എന്ന പേരിൽ ഒരു അവാർഡുണ്ട്. കേരള സർക്കാരും ദേവസ്വം ബോർഡും ചേർന്നാണ് അത് നൽകുന്നത്. നീ വരണം, അതു വാങ്ങണം. അയ്യപ്പന്റെ ഈ അരുളപ്പാടു കേട്ടാണ് ഞാൻ വന്നത് ' ഹരിവരാസനം അവാർഡ് ഏറ്റുവാങ്ങി സംഗീത സംവിധായകൻ ഇളയരാജ ഇതു പറഞ്ഞപ്പോൾ സദസിൽ നിന്ന് ശരണംവിളകൾ ഉയർന്നു.
ലോകത്ത് ഇത്തരം ഒരു സ്ഥലം വേറെയില്ലെന്നും ഭക്തിയും ചൈതന്യവും ഒത്തുചേരുന്ന പുണ്യക്ഷേത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. സംഗീതത്തിലൂടെ മനുഷ്യനെ നന്മയുടെ മാർഗത്തിലേക്ക് നയിക്കാനാവുമെന്ന് തെളിയിച്ച ഇളയരാജയുടെ ഗാനങ്ങൾ ലോകത്തെ അതിരുകളില്ലാതെ നോക്കിക്കാണുന്നതിന് നമ്മെ സഹായിച്ചെന്ന്
പുരസ്കാരം നൽകിക്കൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
രാജു എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ കീർത്തിപത്രം വായിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, അംഗങ്ങളായ എൻ.വിജയകുമാർ, കെ.എസ്. രവി, ആന്റോ ആന്റണി എം.പി, കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജസ്റ്റിസ് അരിജിത് പസായത്ത് തുടങ്ങിയവർ പ്രസംഗിച്ചു.