ss

തിരുവനന്തപുരം: പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ സംസ്ഥാനത്തുനിന്നുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ യുവാക്കൾക്ക് തൊഴിലവസരം നൽകുമെന്ന് മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടികാഴ്ചയിൽ പോളിഷ് എംബസിലെ സെക്കൻഡ് സെക്രട്ടറി ക്ളൗഡിയുസ് കോർസെവ്സ്കി പറഞ്ഞു. ഓട്ടോമൊബൈൽ, നിർമാണം, ഖനവ്യവസായം, ലിഫ്റ്റ് ഓപ്പറേഷൻ, പാക്കേജിംഗ്, ആരോഗ്യ മേഖല, മാംസ സംസ്‌കരണം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് തൊഴിൽ ലഭ്യമാക്കുക. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടൻ തയ്യാറാക്കും. ഇന്ത്യയിലെ പോളിഷ് എംബസി കത്തോവിസ് ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റും സ്ലോവേനിയ കോൺസലുമായ തോമസ് സാവിയോനി, പോളണ്ട് ബിസിനസ് സെന്റർ ക്ലബിലെ വിദഗ്ദ്ധൻ മിഷേൽ വിസ്ലോവ്സ്‌കി, ലോക കേരളസഭാംഗവും പോളണ്ടിലെ സംരംഭകനുമായ വി.എം. മിഥുൻ മോഹൻ, പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, സ്‌പെഷ്യൽ സെക്രട്ടറി അലി അസ്ഗർ പാഷ, പട്ടികജാതി വികസന ഡയറക്ടർ പി.ഐ. ശ്രീവിദ്യ, പട്ടികവർഗ വികസന ഡയറക്ടർ ഡോ. പുകഴേന്തി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.