തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും അതിനുള്ള കാരണം കോൺഗ്രസ്, സി.പി.എം, 'ജിഹാദി' കൂട്ടുകെട്ടാണെന്നുമുള്ള ആരോപണവുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടാകുന്നുണ്ടെന്നും ക്രിസ്ത്യൻ സമുദായത്തിൽ പെട്ട പെൺകുട്ടികൾ ഇതുകാരണം കൊല ചെയ്യപ്പെടുകയും നിർബന്ധപൂർവം മതപരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന സീറോ മലബാർ സഭയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടാണ് കുമ്മനം ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ലൗ ജിഹാദിനെതിരെ വ്യാപകമായി ഉണ്ടായികൊണ്ടിരിക്കുന്ന പരാതികളിന്മേൽ കർശനമായ നടപടി സ്വീകരിക്കണമെന്ന സഭയുടെ ആവശ്യത്തെയും കുമ്മനം പിന്തുണച്ചു.
ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പൊലീസ് സ്റ്റേഷനുകളിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ പരാതികൾ നൽകിയിട്ടുണ്ട്. കേരളത്തിൽ ലൗ ജിഹാദ് ശക്തിപ്പെട്ടുവെന്നും അത് തടയണമെന്നും വി.എസ് അച്യുതാനന്ദൻ പോലും മുൻപ് പറഞ്ഞിട്ടുള്ളതാണ്. ധനമന്ത്രി തോമസ് ഐസക് ഈ ആരോപണം തള്ളുന്നത് ഭയം കൊണ്ടാണ്. അല്ലെങ്കിൽ കുറ്റവാളികളെ രക്ഷിക്കാൻ. സഭയുടെ ഇക്കാര്യത്തിലുള്ള ഭയങ്ങളും ആശങ്കകളും സർക്കാർ അവഗണിക്കുകയാണ്. ജിഹാദി തീവ്രവാദ പ്രസ്ഥാനങ്ങളോട് സർക്കാർ സ്വീകരിച്ചിട്ടുള്ള മൃദുസമീപനമാണ് ഇതിനുള്ള കാരണം. കുമ്മനം പറയുന്നു.
മതസൗഹാർദവും സാഹോദര്യവും ലൗ ജിഹാദ് തകർക്കുമെന്നുള്ള സഭയുടെ ആശങ്കയിൽ യാഥാർഥ്യമുണ്ട്. സ്വന്തം ആരാധനാലയങ്ങൾ തകർക്കപ്പെടുകയും പുരോഹിതന്മാർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയെത്തിയ ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധ മതങ്ങൾക്ക് സാമൂഹികനീതി നിഷേധിക്കുന്ന സമീപനമാണ് കോൺഗ്രസ്, സി.പി.എം, ജിഹാദി സംഘടനകൾക്ക്. കേരളത്തിന്റെ നിലവിലെ ക്രമസമാധാന നിലയുടെ യഥാർത്ഥ ചിത്രമാണ് സഭാ സിനഡിന്റെ പ്രമേയത്തിലൂടെ പുറത്തുവന്നത്. കുമ്മനം രാജശേഖരൻ പറയുന്നു.
കേരളത്തിൽ ലൗ ജിഹാദ് ശക്തമാണെന്ന പ്രസ്താവനയുമായി സീറോ മലബാർ സഭ രംഗതെത്തിയിരുന്നു. ക്രിസ്ത്യൻ സമുദായത്തിലുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നുമാണ് സഭാ സിനഡ് ഇന്നലെ പറഞ്ഞത്. സിനഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങളെ കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നത്.
സീറോ മലബാർ സഭയുടെ വാർഷിക സിനഡ് സമ്മേളനത്തെ സംബന്ധിച്ചുള്ള വാർത്താക്കുറിപ്പാണിത്. തങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്നതിനായി ഏതാനും കണക്കുകളും സഭ മുന്നോട്ടുവച്ചിരുന്നു. കേരളത്തിൽ നിന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരിൽ പകുതി പേരും ക്രിസ്ത്യൻ സമുദായത്തിൽ നിന്നുമുള്ളവരാണെന്നും പൊലീസ് രേഖകളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ സംസാരിക്കുന്നതെന്നും സഭ ചൂണ്ടിക്കാട്ടിയിരുന്നു.