dimithri

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും മന്ത്രിമാരും രാജിവച്ചു.

ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് വാർഷിക പ്രസംഗത്തിൽ വ്‌ളാഡിമിർ പുടിൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് റഷ്യയിലെ ദേശീയ ടെലിവിഷൻ‌ വഴി പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.

രാജി സ്വീകരിച്ച പ്രസിഡന്റ് പുടിൻ പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ കാവൽ സർക്കാരായി പ്രവർത്തിക്കാൻ മന്ത്രിമാരോട് നിർദേശിച്ചു. രാജിവെച്ച മെദ്‌വദേവിനെ റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറിയാക്കുമെന്നും പുടിൻ പറഞ്ഞു.
നിലവിൽ റഷ്യയിൽ പൂർണ അധികാരം കൈയ്യാളുന്നത് പ്രസിഡന്റാണ്. എന്നാൽ പുതിയ ഭേദഗതികൾ വരുന്നതോടെ പ്രസിഡന്റിൽ നിന്ന് അധികാരം പ്രധാനമന്ത്രിക്കും പാർലമെന്റിനും കൈമാറും. നിലവിൽ പ്രസിഡന്റാണ് പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യുന്നത്. എന്നാൽ പുതിയ ഭേദഗതിയിൽ ഇതിന് പാർലമെന്റ് അധോസഭയുടെ അംഗീകാരം കൂടി വേണം. രണ്ട് തവണ മാത്രമേ ഒരാൾ പ്രസിഡന്റാകാൻ സാധിക്കൂ എന്നതാണ് പുതിയ ഭേദഗതിയിൽ ഒന്ന്. എന്നാൽ പുടിൻ ഇത് നാലാം തവണയാണ് പ്രസിഡന്റ് പദവിയിൽ ഇരിക്കുന്നത്. 2024 ൽ പുടിൻ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.