തിരുവനന്തപുരം: ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് മികച്ച പരിശീലനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ജി.വി രാജ സ്‌പോർട്സ് സ്‌കൂളിലും കണ്ണൂർ സ്‌പോർട്സ് ഡിവിഷനിലും 6,7 ക്ലാസുകളിലേക്കും പ്രവേശനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അതിനാവശ്യമായ അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാനും തീരുമാനമായി. നിലവിൽ എട്ട് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലേക്കാണ് ഇവിടങ്ങളിൽ പ്രവേശനം നൽകുന്നത്.
കഴിഞ്ഞ കുറേ കാലമായി സബ് ജൂനിയർ തലത്തിൽ കേരളത്തിലെ കുട്ടികളുടെ പ്രകടനം മോശമായ സാഹചര്യത്തിലാണ് തീരുമാനം. ജി.വി രാജ സ്‌കൂളിൽ 6,7 ക്ലാസുകളുടെ ഓരോ ഡിവിഷൻ ആരംഭിക്കാനുള്ള ഭൗതിക സാഹചര്യം നിലവിലുണ്ട്. ഇവിടെ 45 കുട്ടികൾ വീതമുള്ള ഓരോ ഡിവിഷനാണ് തുടങ്ങുക. ഇവിടെ രണ്ട് യു.പി.എസ്.എ തസ്തികയും അനുവദിച്ചു. കണ്ണൂർ സ്‌പോർട്സ് ഡിവിഷൻ പ്രവർത്തിക്കുന്ന കണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ നിലവിൽ 6, 7 ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കായിക വിദ്യാർത്ഥികൾക്ക് എട്ടു മുതലാണ് പ്രവേശനം. അധിക ബാദ്ധ്യതയില്ലാതെ തന്നെ ഈ സ്‌കൂളിൽ കായിക വിദ്യാർത്ഥികൾക്ക് 6, 7 ക്ലാസുകളിൽ പ്രവേശനം നൽകാൻ സാധിക്കും. 30 കായിക വിദ്യാർത്ഥികൾക്കാണ് ഓരോ ഡിവിഷനിലും പ്രവേശനം നൽകുക. രണ്ട് സ്‌പോർട്സ് സ്‌കൂളുകളും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് കായിക വകുപ്പ് ഏറ്റെടുത്ത ശേഷം കോടിക്കണക്കിനു രൂപയുടെ വികസനം നടപ്പാക്കി വരികയാണ്. മൈതാനങ്ങളും ക്ലാസ് മുറികളും ഹോസ്റ്റലുകളും ഉൾപ്പെടെയുള്ളവ നവീകരിക്കുകയും മികച്ച കായികോപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.