കൊട്ടാരക്കര /ആയൂർ: വാളകം വയയ്ക്കലിൽ ക്വാറിയിൽ ജോലിചെയ്യുന്നതിനിടെ കരിങ്കൽപാളി ദേഹത്ത് പതിച്ച് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കൊല്ലം കരിക്കോട് ചുമടുതാങ്ങി ജംഗ്ഷൻ കരീം മൻസിലിൽ സലീമിന്റെ മകൻ തൗഫീഖ് (25), അസാം സ്വദേശി ന്യൂവൽ നെക്ര (30) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ വയയ്ക്കൽ വയണമൂല സ്റ്റാർ ഇൻഡസ്ട്രീസ് എന്ന ക്രഷറിനോട് അനുബന്ധിച്ചുള്ള ക്വാറിയിലാണ് അപകടമുണ്ടായത്. ഇളക്കിയിട്ട വലിയ കരിങ്കല്ലുകൾ ന്യുവൽ നെക്ര മിക്സർ ഉപയോഗിച്ച് പൊട്ടിക്കുകയും താഫീഖ് ഹിറ്റാച്ചികൊണ്ട് കോരി മാറ്റുകയും ചെയ്യുന്നതിനിടെ 30 അടി ഉയരത്തിൽ സ്ളാബാക്കി നിറുത്തിയിരുന്ന വലിയ പാറ ഇളകി ഇവർ നിന്ന ഭാഗത്ത് പതിക്കുകയായിരുന്നു. അതിനടിയിൽപ്പെട്ടാണ് ഇരുവരും ദാരുണമായി മരിച്ചത്. മറ്റ് തൊഴിലാളികൾ ചായകുടിക്കാനായി പോയ സമയത്തായിരുന്നു അപകടം.
ശബ്ദം കേട്ടെത്തിയ തൊഴിലാളികളും മാനേജരും മറ്റൊരു ഹിറ്റാച്ചി ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവർത്തനം വിജയിച്ചില്ല. പിന്നീട് കൊട്ടാരക്കരയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് പാറ നീക്കി മൃതദേഹങ്ങൾ പുറത്തെടുത്തത്. അപ്പോഴേക്കും ഒരു മണിക്കൂർ പിന്നിട്ടിരുന്നു. രണ്ടു പേരുടെയും ശരീരം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തൗഫീക്കിന്റെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് സിയാറത്തുംമൂട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ നടക്കും. മാതാവ് റംലാ ബീവി. സഹോദരൻ തൻസീർ.
ലൈസൻസുള്ള ക്വാറിയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജിയോളജിസ്റ്റ് ഇന്ന് രാവിലെ എത്തിയ ശേഷം ക്വാറിയുമായി ബന്ധപ്പെട്ട മറ്റ് നടപടികളെപ്പറ്റി ആലോചിക്കും. അപകട മരണത്തിനാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.