കൊല്ലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിപ്പിന്റെ മഹാശക്തി ഉയരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കാകുലരായി നിൽക്കുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ. നാം ഇന്നേവരെ ഒന്നിച്ച് നിന്നവരാണ്. ഒരുതരത്തിലുള്ള ഭേദചിന്തയുമില്ലാതെ ഏകോദര സഹോദരങ്ങളായി വളർന്നവരാണ്. ഈ മണ്ണിൽ ഒരാപത്തും ഉണ്ടാകില്ല. ആപത്ത് വരുന്നുവെങ്കിൽ നിങ്ങൾക്കൊപ്പം സംസ്ഥാന സർക്കാരുണ്ടാകും. പൗരത്വ ഭേദഗതി ബിൽ വന്നപ്പോൾ തന്നെ കേരളം പറഞ്ഞു, ഇവിടെ അത് നടപ്പാകില്ലെന്ന്. ഏത് നിയമവും ഭരണഘടനാനുസൃതമാകണം. ഈ നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയെ അനുസരിക്കാനാണ് ഒരു സർക്കാരിന് ബാദ്ധ്യത. അല്ലാതെ ആർ.എസ്.എസിന്റെ മനസിലിരുപ്പ് നടപ്പാക്കാനല്ല.
ദേശീയപൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ജനസംഖ്യാ രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നത്. ഇക്കാര്യം മറച്ചുവച്ച് പ്രധാനമന്ത്രി വലിയ കള്ളം പറയുകയാണ്. അതുകൊണ്ടാണ് ഇതൊന്നും നടപ്പിലാക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചത്.
കേന്ദ്ര സർക്കാരിനെതിരെ ഒരുമിച്ചുള്ള പ്രക്ഷോഭം ഉയരണമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ ആദ്യംമുതൽ സ്വീകരിച്ചത്. ഒന്നിച്ച് കാര്യങ്ങൾ നീങ്ങുമ്പോൾ അതിന്റേതായ ഒരു മഹാശക്തിയുണ്ട്. പക്ഷേ, നമ്മുടെ നാട്ടിലെ കുഞ്ഞുമനസുകൾക്ക് അത് ഉൾക്കൊള്ളാനായില്ല. രാജ്യം തന്നെ അപകടത്തിലാകുമ്പോൾ ഒരുമിച്ച് നിൽക്കുകയാണ് പ്രധാനമെന്നും പിണറായി പറഞ്ഞു.
സി.എസ്.ഐ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടി അമ്മ, കെ.രാജു, കെ.ടി. ജലീൽ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. ബാലഗോപാൽ, കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി, കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, കെ. സോമപ്രസാദ് എം.പി, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, ആർ. രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.