ന്യൂഡൽഹി: മേജർ ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ യു.എസുമായി ഉടലെടുത്ത സംഘർഷത്തിൽ ഇന്ത്യയുടെ പിന്തുണ തേടി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. മുഹമ്മദ് ജാവദ് സരീഫ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി. മേഖലയിൽ സമാധാനവും രാജ്യങ്ങൾക്കിടയിൽ സൗഹൃദവും നിലനിറുത്താൻ ഇന്ത്യ മുൻപന്തിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ഇറാനുമായുള്ള ഇന്ത്യയുടെ നല്ല ബന്ധത്തെക്കുറിച്ച് വിവരിച്ച പ്രധാനമന്ത്രി ചഹാബാർ തുറമുഖ പദ്ധതിയിൽ അടക്കമുള്ള പങ്കാളിത്തം എടുത്തുകാട്ടി. ഐക്യരാഷ്‌ട്ര ജനറൽ അസംബ്ളി സമ്മേളനത്തിനിടെ ഇറാൻ പ്രസിഡന്റ് റൗഹാനിയുമായി നടത്തിയ ചർച്ച ഉഭയകക്ഷി ബന്ധത്തിൽ ഉണർവുണ്ടാക്കിയെന്നും മോദി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ അഞ്ചാം റെയ്‌സീന ഡയലോഗ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതാണ് ഇറാൻ മന്ത്രി.