ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. ഡൽഹി തീസ് ഹസാരി കോടതിയാണ് ജാമ്യം സംബന്ധിച്ചുള്ള കാര്യത്തിൽ തീരുമാനമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അടുത്ത നാലാഴ്ചത്തേക്ക് ഡൽഹിയിൽ പ്രവേശിക്കയോ പ്രതിഷേധം നടത്തുകയോ ചെയ്യരുതെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം ചന്ദ്രശേഖറിന് ജാമ്യം നൽകിയിരിക്കുന്നത്.
ജാമ്യാപേക്ഷ പരിഗണിക്കവേ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണമെന്നും അഡീഷണൽ സെഷൻസ് ജഡ്ജി കാമിനി ലോ ആസാദിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം, ചന്ദ്രശേഖർ ആസാദിന്റെ ജാമ്യ ഹർജി പരിഗണിക്കവേ കോടതി പൊലീസിനെയും പബ്ലിക് പ്രോസിക്യൂട്ടറെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും തെളിവുകൾ ഒന്നും നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യില്ലെന്നും ആസാദ് ജാമ്യ ഹർജിയിൽ വ്യക്തമാക്കി. ഡിസംബർ 20ന് ഡൽഹി ജമാ മസ്ജിദിൽ പൗരത്വ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നതിനായി ആളുകളെ സംഘടിപ്പിച്ചതിനാണ് ആസാദിനെ അപൊലീസ് അറസ്റ്റ് ചെയ്തത്. ആസാദ് കലാപാഹ്വാനം നടത്തിയിരുന്നുവെന്നായിരുന്നു പ്രധാന ആരോപണം.