കംപാല: താൻ വിവാഹം കഴിച്ച തന്റെ ഭാര്യ പുരുഷനായിരുന്നുവെന്ന് ഉഗാണ്ടയിലെ ഇമാമായ മുഹമ്മദ് സുതുബ തിരിച്ചറിഞ്ഞത് രണ്ടാഴ്ച കഴിഞ്ഞ്. ഏറെ പ്രതീക്ഷകളോടെയാണ് ഇമാം വിവാഹ ജീവിതത്തിലേക്ക് കടന്നത്. മുഹമ്മദിന്റെ 'ഭാര്യ' ഒരാഴ്ചക്കാലത്തോളം ലൈംഗിക ബന്ധത്തിൽ നിന്നും വിട്ടുനിന്നതുകൊണ്ടാണ് ഇയാൾ സത്യമറിയാതെ പോയത്. മാത്രമല്ല തനിക്ക് ആർത്തവമാണെന്ന് പറഞ്ഞുകൊണ്ട് വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കാനും 'ഭാര്യ' മുഹമ്മദിനെ അനുവദിച്ചിരുന്നില്ല.
എന്നാൽ മുഹമ്മദിന്റെ അയൽവാസിയുടെ ഒരു വീട്ടിൽ മോഷണം നടന്നതോടെയാണ് 'ഭാര്യ'യുടെ എല്ലാ കള്ളക്കളിയും പുറത്തായത്. മുഹമ്മദിന്റെ ഭാര്യ തന്റെ വീട്ടിൽ, ജനൽ വഴി മോഷ്ടിക്കാൻ കയറിയെന്നും തന്റെ ടെലിവിഷൻ സെറ്റും വസ്ത്രങ്ങളും കൈക്കലാക്കിയെന്നും പരാതിപ്പെട്ടുകൊണ്ട് അയൽവാസി പൊലീസിന് മുൻപിലേക്കെത്തി. ഭാര്യ ജനൽ വഴി വന്ന് തന്റെ വീട്ടിൽ മോഷണം നടത്തിയെന്നായിരുന്നു അയൽവാസിയുടെ ആരോപണം.
തുടർന്ന് മുഹമ്മദ്, അപ്പോഴും സ്ത്രീ വേഷത്തിലായിരുന്ന തന്റെ 'ഭാര്യ'യെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് 'ഭാര്യ'യെ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് സംഗതിയുടെ കിടപ്പുവശം എല്ലാവർക്കും പിടികിട്ടിയത്. എന്നാൽ മുഹമ്മദ് ഞെട്ടിത്തരിക്കുകയാണുണ്ടായത്. തന്റെ ഭാര്യക്കായി കാത്തിരിക്കുകയായിരുന്ന ഇമാം തകർന്നുപോകുക തന്നെ ചെയ്തു. ഇമാമിന്റെ കൈയിൽ നിന്നും പണം തട്ടുന്നതിനായാണ് താൻ പെൺവേഷം കെട്ടി ഭാര്യയായി വീട്ടിൽ കയറിക്കൂടിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.