shimna-azees

കുട്ടികളെ പാരലിസീസ് അവസ്ഥയിലാക്കുന്ന ചൈനീസ് കേക്കിലെ ടാബ്ലറ്റ് എന്ന പേരിൽ വാട്സാപ്പിൽ ഒരു സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത് വാജവാർത്തയാണെന്നും പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് യുവ ഡോക്ടറും എഴുത്തുകാരിയുമായി ഷിംന അസീസ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. കേക്കിനകത്ത് ഗുളിക ഒളിച്ച്‌ വെച്ചിരിക്കുകയാണെന്നാണ് പറയുന്നത്. അതായത്‌ കേക്ക്‌ ബേക്ക്‌ ചെയ്യുന്നതിന്‌ മുന്നേ ടാബ്ലറ്റ്‌ അതിനകത്ത്‌ വെച്ച്‌ നല്ല ചൂടിൽ ഓവനിൽ വെച്ച്‌ ഏറ്റവും ചുരുങ്ങിയത് 10-15 മിനിറ്റ്‌ ബേക്ക്‌ ചെയ്‌ത്‌ കാണും. കാപ്‌സ്യൂളിന്‌ രൂപമാറ്റമില്ല, കേക്കിന്റെ മാവ്‌ തരി പോലും ഗുളികമേൽ ഒട്ടിപ്പിടിച്ചിട്ടില്ല, ഒന്ന്‌ നിറം പോലും മങ്ങിയിട്ടില്ല. ഇരുമ്പ് കൊണ്ടുണ്ടാക്കിയ ഗുളികയോ മറ്റോ ആണോ? ഷിംന ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇങ്ങനൊരു മെസേജ്‌ കിട്ടിയവർ കൈ പൊക്കിക്കേ 👇

'ചൈനീസ് കമ്പനി ആയ luppo ഒരു cake ഇറക്കിയിട്ടുണ്ട് അതിൽ ഏതോ ഒരു tablet ഉള്ളിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ഇത് കഴിക്കുന്നതിലൂടെ കുട്ടികൾ paralysis എന്ന അവസ്ഥയിലേക്ക് ആവുകയാണ്. ദയവുചെയ്ത് ഈ message പരമാവതി എല്ലാ ഗ്രൂപ്പുകളിൽ share ചെയ്യൂ.'

ഈ സംഗതി ആദ്യം കാണുന്നത്‌ ട്രോൾ മലപ്പുറം ഗ്രൂപ്പിലാണ്‌. അത്‌ കഴിഞ്ഞ്‌ 2-3 പേര്‌ ഇത്‌ ഷെയർ ചെയ്‌ത്‌ തന്നപ്പോൾ ഏതാണ്ട്‌ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായി. വൈറലാണേ, കൊടുംവൈറൽ.

ഒറ്റ നോട്ടത്തിൽ കണ്ട കാര്യം 'ഏതോ ഒരു ഗുളിക കഴിച്ച്‌ കുട്ടികൾ പരാലിസിസ്‌ എന്ന അവസ്‌ഥയിലേക്ക്‌ പോകുകയാണ്‌' എന്നതാണ്‌. കൂട്ടത്തിൽ അൽപം സീരിയസായി കിടക്കുന്ന ഏതോ ഒരു കുഞ്ഞിന്റെ ഫോട്ടോ ഉണ്ട്‌. (രോഗിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, അതും ഒരു കുഞ്ഞിന്റെ മുഖം. നടപടിയെടുക്കേണ്ട കാര്യമാണ്‌). ഏതാണാവോ ആ ഗുളിക? ഏതായാലും അപാര തൊലിക്കട്ടിയുള്ള കാപ്‌സ്യൂളാണ്‌.

എന്താ കാര്യമെന്നോ? കേക്കിനകത്താണ്‌ ഗുളിക ഒളിച്ച്‌ വെച്ചിരിക്കുന്നത്‌. അതായത്‌ കേക്ക്‌ ബേക്ക്‌ ചെയ്യുന്നതിന്‌ മുന്നേ ടാബ്ലറ്റ്‌ അതിനകത്ത്‌ വെച്ച്‌ നല്ല ചൂടിൽ ഓവനിൽ വെച്ച്‌ ഏറ്റവും ചുരുങ്ങിയത് 10-15 മിനിറ്റ്‌ ബേക്ക്‌ ചെയ്‌ത്‌ കാണും. കാപ്‌സ്യൂളിന്‌ രൂപമാറ്റമില്ല, കേക്കിന്റെ മാവ്‌ തരി പോലും ഗുളികമേൽ ഒട്ടിപ്പിടിച്ചിട്ടില്ല, ഒന്ന്‌ നിറം പോലും മങ്ങിയിട്ടില്ല. ഇരുമ്പ് കൊണ്ടുണ്ടാക്കിയ ഗുളികയോ മറ്റോ ആണോ? ഇനി വല്ല നോൺസ്‌റ്റിക്‌ ഗുളികയും?

സംശയമുള്ളവർ ഏതെങ്കിലും ഒരു കാപ്‌സ്യൂൾ എടുത്ത് പച്ചവെള്ളത്തിൽ (അതെ, ചൂടൊന്നും വേണ്ട, വെറും പച്ചവെള്ളത്തിൽ) ഇട്ട്‌ പത്ത്‌ മിനിറ്റ്‌ കഴിഞ്ഞ് വന്ന് നോക്കുക. അത്‌ വലതുവശത്തെ ചിത്രത്തിൽ കാണുന്നത് പോലെ നിറം മങ്ങി വീർത്ത്‌ വന്നിരിക്കും. റെഡിമെയ്‌ഡ്‌ ബ്രഡിനകത്ത്‌ അതേ ഗുളിക വെച്ച്‌ ഗ്യാസ്‌ പരമാവധി സിമ്മിലാക്കി പാനിൽ ഒന്നു ടോസ്‌റ്റ്‌ ചെയ്‌തും കാണിച്ചിട്ടുണ്ട്. ഗുളിക ബ്രഡിനകത്ത്‌ ഉരുകി പിടിച്ച്‌ കുഴഞ്ഞ്‌ പോയത് കാണുന്നുണ്ടല്ലോ അല്ലേ? സില്ലി കാപ്‌സ്യൂൾ, ഇത്ര പോലും നേരെ നിൽക്കാൻ അറിയൂലാ?

പച്ച വെള്ളത്തിൽ പോലും നിറവും ഘടനയും നില നിർത്താനാകാത്ത, മുൻപ്‌ ബേക്ക്‌ ചെയ്യപ്പെട്ട ബ്രഡിൽ പോലും കുഴഞ്ഞ്‌ പോകുന്ന ഈ ലോലഹൃദയനായ ഗുളിക കുട്ടപ്പനായി കേക്കിനകത്ത്‌ ഇരിക്കൂല എന്ന കാര്യത്തിൽ തീരുമാനമായല്ലോ. ഇനി അഥവാ ഇതിലും കട്ടിയും ബലവുമുള്ള കാപ്‌സ്യൂൾ ഇവർ കേക്കിനകത്ത്‌ വെച്ചാൽ അതിന്‌ വയറിനകത്ത്‌ അലിഞ്ഞ്‌ ചേരാനോ ശരീരത്തിൽ കലരാനോ സാധിക്കുകയുമില്ല. അതിലും വല്ല്യ ടെക്‌നോളജി ഉള്ള വല്ല ഗുളികയുമാണെങ്കിലോ എന്ന കൊനിഷ്‌ട്‌ ചോദ്യം മനസ്സിൽ തോന്നുന്നവരുണ്ടാകാം. അത്രയും സങ്കീർണമായ ടെക്‌നോളജി വളരെ ചിലവേറിയതുമാകും. അങ്ങനെയൊരു സാധ്യത നിലനിൽക്കുന്നില്ല.

ഇനിയിപ്പോ, കൃത്യമായി അത്‌ തലയിൽ തട്ടമിട്ട ടീച്ചറുള്ള ഫോട്ടോയിൽ എങ്ങനെയാണോ കേറിക്കൂടിയത്‌? മതവിഭാഗത്തെ സ്വാധീനിക്കാനോ മറ്റോ ആണോ? അല്ല, മുൻപ്‌ പല ഭക്ഷ്യവസ്‌തുക്കളിലും അമേരിക്ക പന്നിയുടെ അംശം കലർത്തുന്നു എന്ന്‌ പറഞ്ഞ്‌ ഈ മതത്തിൽ പെട്ടവരുടെ സ്വസ്‌ഥതയും സമാധാനവും കളയുന്ന മെസേജുകളും വാട്ട്‌സ്ആപിൽ സുലഭമായിരുന്നേ. മുന്നും പിന്നും നോക്കാത്ത മെസേജ്‌ ഫോർവാർഡിംഗിൽ സമഗ്രമായ സംഭാവനകൾ നൽകാൻ ജാതിമതഭേദമന്യേ ഫാമിലി ഗ്രൂപ്പുകൾ മൽസരിക്കുന്നതും ഈ വേളയിൽ ഓർത്തു പോകുകയാണ്‌.

എല്ലാ പോട്ടെ , ഇതിൽ ചൈനക്കാരുടെ ഗൂഢാലോചന വല്ലതും? അങ്ങനെയാണേൽ ക്വാളിറ്റി ചെക്ക്‌ കഴിഞ്ഞ്‌ ഇതെങ്ങനെ കേരള നാട്ടിലെത്തി? വെറും ആകസ്‌മികത. യൂ നോ, ഇതൊക്കെ പ്യുവർ കോയിൻസിഡെൻസാണ്‌. ഇനീം ഈ ഗുളികക്കഥ വിശ്വസിക്കാൻ നിങ്ങൾക്ക്‌ തോന്നുന്നെങ്കിൽ ഞാൻ സുല്ലിട്ടു.

ഈ ജാതി വെടക്ക്‌ മെസേജൊക്കെ മനപ്പൂർവം പടച്ചുവിടുന്നവരുടെ തലയിലെന്താണെന്നത് ഏതാണ്ടുറപ്പാണ്. എന്നുവച്ച് കിട്ടിയപാടെ അതെടുത്ത് ഫോർവേഡ് ചെയ്‌ത്‌ കളിക്കുന്നോരെ തലച്ചോറ്‌ എവിടെയാണോ പണയം വെച്ചത്‌ !