തിരുവനന്തപുരം: 56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുള്ള ലക്ഷദീപത്തിൽ ആദ്യം തെളിഞ്ഞത് കിഴക്കേ ഗോപുരത്തിലെ വൈദ്യുത വിളക്കുകൾ. ക്ഷേത്രത്തിനകത്ത് കമ്പവിളക്കുകൾ, ശ്രീകോവിലിന് ചുറ്റുമുള്ള അഴിവിളക്കുകൾ എന്നിവയ്ക്ക് പുറമേ ആയിരക്കണക്കിന് മൺചെരാതുകളുമാണ് ലക്ഷദീപക്കാഴ്ചയ്ക്ക് മിഴിവേകിയത്. മറ്റ് നടകളിലും വൈദ്യുത ദീപങ്ങളായിരുന്നു.
വൈദ്യുത ദീപങ്ങൾക്ക് പിന്നിൽ ചെറിയൊരു ചരിത്രമുണ്ട്. 1971 മുതലാണ് ലക്ഷദീപത്തിന് വൈദ്യുത വിളക്കുകളുപയോഗിക്കുന്നത്. എണ്ണവിലയിലുണ്ടായ വർദ്ധനയാണ് തിരുവിതാംകൂറിന്റെ അവസാന മഹാരാജാവായിരുന്ന ചിത്തിരതിരുനാൾ ബാലരാമവർമ്മയെ വൈദ്യുത ദീപാലങ്കാരമെന്ന ആശയത്തിലെത്തിച്ചത്. ദേവപ്രശ്നത്തിന് ശേഷമാണ് ലക്ഷദീപത്തിന് വൈദ്യുതി വിളക്കുകൾ ഉപയോഗിച്ചത്.
ആദ്യ മുറജപം 1747ൽ നടന്നെങ്കിലും ലക്ഷദീപത്തോടെയായിരുന്നില്ല പൂർത്തിയായത്. മൂന്ന് വർഷത്തിന് ശേഷം 1750 ജനുവരി 15നാണ് ലക്ഷദീപം നടന്നത്. ഇതിന് വേണ്ടിവന്നത് 20 പറ എണ്ണയാണ്. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് രണ്ട് ലക്ഷം രൂപയായിരുന്നു ലക്ഷദീപത്തിനായി ചെലവായത്.
തിരുവിതാംകൂർ രാജകുടുംബത്തിന്റെ 55 ലക്ഷം
വൻ തുക ചെലവുള്ള ലക്ഷദീപത്തിന് തിരുവിതാംകൂർ രാജകുടുംബം 55 ലക്ഷം രൂപ സംഭാവന നൽകിയിട്ടുണ്ട്. തമിഴ്നാട് സർക്കാർ 1.56 കോടി നൽകി. തിരുവിതാംകൂറിന്റെ നെല്ലറയായ നാഞ്ചിനാട് തമിഴ്നാടിനോടു കൂട്ടിച്ചേർത്തപ്പോഴുള്ള കരാർ പ്രകാരമുള്ള കുടിശികയാണ് തമിഴ്നാട് നൽകുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചെലവ് നടത്തുന്നതിനുള്ള നെല്ലറകൾ തമിഴ്നാട്ടിലാവുകയും അത് സ്വകാര്യ വ്യക്തികളുടെ കൈയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ക്ഷേത്രത്തിലേക്ക് നിശ്ചിത തുക നൽകാൻ വ്യവസ്ഥയുണ്ടാക്കിയത്. 18 വർഷമായി അതു മുടങ്ങിക്കിടക്കുകയായിരുന്നു. ഇക്കാര്യം തമിഴ്നാട് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇടപെട്ട് ക്ഷേത്രഭരണ സമിതിക്ക് നേരിട്ട് തുക കൈമാറിയത്. ചെന്നൈയിലെത്തിയാണ് ഭരണസമിതി തുക ഏറ്റുവാങ്ങിയത്.
ചിത്രങ്ങൾ
മനു മംഗലശ്ശേരി
നിശാന്ത് ആലുകാട്
അഭിജിത്ത് രവി