തിരുവനന്തപുരം : ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീപദ്മനാഭന്റെ തിരുനട ദീപപ്രഭയാൽ നിറഞ്ഞപ്പോൾ ദർശന പുണ്യത്തിനായി ഒഴുകിയെത്തിയത് പതിനായിരങ്ങൾ.... ആചാരപ്രധാനമായ മുറജപം ഇന്നലെ രാവിലെ സമാപിച്ചതോടെയാണ് പദ്മനാഭ സന്നിധി ലക്ഷദീപക്കാഴ്ചയാൽ തിളങ്ങിയത്.
ഭക്തന്റെ മിഴിയിലും മനസിലും ഒരുപോലെ അനുഗ്രഹവർഷം ചൊരിഞ്ഞ ദീപക്കാഴ്ച കാണാൻ എത്തിയവർ പദ്മനാഭ സ്തുതികൾ ചൊല്ലി സായൂജ്യത്തോടെയാണ് മടങ്ങിയത്.
കിഴക്കേകോട്ടയും സമീപ പ്രദേശങ്ങളും ഇന്നലെ വൈകിട്ടോടെ ജനസമുദ്രമായി. പത്മതീർത്ഥക്കരയിലെയും മൂന്നു ഭാഗത്തേക്കുമുള്ള റോഡുകളും സന്ധ്യയോടെ തന്നെ ഭക്തജനങ്ങളെ കൊണ്ടു നിറഞ്ഞു. ഗാന്ധിപാർക്കിനുള്ളിലും ആയിരങ്ങൾ ദീപക്കാഴ്ച കാണാനായി കാത്തുനിന്നിരുന്നു.
ഇന്നലെ സന്ധ്യയ്ക്ക് 6.30 ന് കിഴക്കേ ഗോപുരത്തിലെ വൈദ്യുത വിളക്കുകളാണ് ആദ്യം തെളിഞ്ഞത്. പിന്നാലെ മറ്റു നടകളിൽ തയ്യാറാക്കിയ വൈദ്യുത വിളക്കുകളും മിഴിതുറന്നു. ക്ഷേത്രത്തിനകത്തെ കമ്പവിളക്കുകൾ, ശ്രീകോവിലിന് ചുറ്റുമുള്ള അഴിവിളക്കുകൾ എന്നിവ കൂടാതെ ക്ഷേത്രപരിസരത്തെ ആയിരക്കണക്കിന് മൺചെരാതുകൾ രാത്രി ഏഴേമുക്കാലോടെ പ്രഭ ചൊരിഞ്ഞു. 8.30 ന് ഗരുഡവാഹനത്തിൽ മുറശീവേലി ആരംഭിച്ചു. മൺചെരാതുകളിലെ വെളിച്ചത്തിനൊപ്പം വൈദ്യുത ദീപങ്ങളും തെളിഞ്ഞതോടെ ക്ഷേത്രവളപ്പിലെ തൂവെള്ള മണൽ ക്ഷീരസാഗരത്തിന്റെ പ്രതീതിയാണ് ജനിപ്പിച്ചത്. ലക്ഷദീപം ദർശിക്കാനെത്തിയവരിൽ പകുതിയോളം പേർക്ക് പോലും ക്ഷേത്രത്തിനുള്ളിലേക്ക് കടക്കാനാകാത്ത വിധം തിരക്കാണുണ്ടായത് .
ഭക്തർക്ക് ലക്ഷദീപം ദർശിക്കാൻ വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരുന്നതെങ്കിലും അതൊന്നും മതിയായിരുന്നില്ല. ക്ഷേത്രമുറ്റത്ത് കാൽലക്ഷത്തോളം ഭക്തർക്ക് നേരിട്ട് ദർശനം സാദ്ധ്യമാകുന്നതിന് വേണ്ട സംവിധാനം തയ്യാറാക്കിയിരുന്നു. വിവിധ ഭാഗങ്ങളിൽ രണ്ടാൾപൊക്കവും എട്ടടി വീതിയുമുള്ള വീഡിയോ വാളുകളും 100 ചതുരശ്ര അടി വലിപ്പമുള്ള അരഡസനോളം ടെലിവിഷൻ സ്ക്രീനുകളും ലക്ഷദീപവും ശിവേലിയും ദർശിക്കാൻ സജ്ജമാക്കിയിരുന്നു. 11,000 തിരികളുള്ള റിവോൾവിംഗ് എണ്ണ വിളക്കുകൾ ഇത്തവണ ലക്ഷദീപത്തിന്റെ ഭാഗമായത് കാഴ്ചക്കാർക്ക് കൗതുകമായി. കേരളത്തിലാദ്യമായാണ് ഇത്തരമൊരു സംവിധാനം അവതരിപ്പിച്ചത്.
മോട്ടോറുകളുടെ സഹായത്തോടെ സദാ ചുറ്റിക്കറങ്ങുന്ന ദീപ സംവിധാനം നാല് നടകളിലും ക്ഷേത്രത്തിന് പുറത്ത് ഭക്തർക്ക് കാഴ്ചയൊരുക്കി. അഭൂതപൂർവമായ തിരക്കിനെത്തുടർന്ന് ഇന്നും നാളെയും കൂടി ലക്ഷദീപ സജ്ജീകരണം ആവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആറുവർഷത്തിലൊരിക്കൽ മാത്രം കാണാൻ കഴിയുന്ന അപൂർവ നിമിഷങ്ങളാണ് ഇന്നലത്തെ മകരസംക്രമ സന്ധ്യ ഭക്തർക്ക് സമ്മാനിച്ചത്.