imran

ന്യൂഡൽഹി: ചെെനയുടെ പിന്തുണയുമായി കാശ്മീർ വിഷയം യു.എൻ രക്ഷാസമിതിയിൽ ഉന്നയിക്കാൻ നടത്തിയ പാക് ശ്രമം വീണ്ടും പരാജയപ്പെട്ടു. കാശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും എതിർത്തതോടെയാണ് പാകിസ്ഥാന് വീണ്ടും തിരിച്ചടിയേറ്റത്. ഇന്ത്യയും ശക്തമായി വിമർശിച്ചു. ഭീകരവാദം ഉൾപ്പടെയുള്ള വിഷയങ്ങളിൽ നടപടിയെടുത്ത് ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ നിർദേശിച്ചു. ഇത്തരം വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും ഇന്ത്യയുടെ പ്രതിനിധി സയീദ് അക്ബറുദ്ദീൻ ആരോപിച്ചു.

കാശ്മീർ വിഷയം ആഭ്യന്തര പ്രശ്നമാണെന്നും ഉഭയകക്ഷി ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും യൂറോപ്പിൽ നിന്നുള്ള പ്രതിനിധി പറഞ്ഞു. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ ക്ലോസ്ഡ് ഡോർ യോഗത്തിൽ കശ്മീർ വിഷയം ഉന്നയിക്കാൻ ചൈന അഭ്യർത്ഥന നടത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കാശ്മീർ വിഷയത്തിൽ ഉഭയകക്ഷി ചർച്ച‍യാണ് വേണ്ടതെന്ന നിലപാടാണ് ഫ്രാൻസും അമേരിക്കയും കൈക്കൊണ്ടത്. എല്ലാക്കാലവും പാകിസ്ഥാന്‍റെ സുഹൃദ് രാജ്യമായി നിലകൊള്ളുന്ന ചൈന, ജമ്മു കാശ്മീരിനെ വിഭജിച്ച ഇന്ത്യയുടെ നടപടിയെ വിമർശിച്ചിരുന്നു. നിയമവിരുദ്ധവും അസാധുവുമാണ് നടപടിയെന്നാണ് ചൈന വിശേഷിപ്പിച്ചത്.

കഴിഞ്ഞ ആഗസ്റ്റിൽ നടന്ന യോഗത്തിൽ കാശ്മീർ ആഭ്യന്തരവിഷയമാണെന്ന് ഇന്ത്യ ആവർത്തിച്ചിരുന്നു. വിഷയത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ ആവശ്യമില്ലെന്നും ഇന്ത്യ അറിയിച്ചു. അന്നും ഇന്ത്യയുടെ നിലപാടിന് റഷ്യയും ബ്രിട്ടനും ഫ്രാൻസും ഉറച്ച പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്നാണ് ഇന്ത്യ അറിയിച്ചത്.