ഭോപ്പാൽ: വി.ഡി സവർക്കറുടെ ചിത്രമുള്ള നോട്ട് ബുക്കുകൾ വിതരണം നടത്തിയതിന്റെ പേരിൽ പ്രിൻസിപ്പാളിന് സസ്‌പെൻഷൻ. ഭോപ്പാലിലെ മല്‍വാസ സര്‍ക്കാര്‍ സ്കൂളിന്‍റെ പ്രിന്‍സിപ്പാളായ കെരാവത്തിനെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് റത്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.സി ശര്‍മ പറഞ്ഞു. രണ്ട് മാസത്തേക്കാണ് പ്രിന്‍സിപ്പാള്‍ ആര്‍.എന്‍ കെരാവത്തിനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവിരക്കിയത്.
സവര്‍ക്കര്‍ മഞ്ച് എന്ന സംഘടനയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ സ്കൂളില്‍ സൗജന്യമായി നോട്ട്ബുക്കുകള്‍ വിതരണം ചെയ്തതെന്നാണ് വിവരം. ബുക്കിന്‍റെ കവറില്‍ സവര്‍ക്കറുടെ ചിത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ പരാതികള്‍ ഉയരുകയും കെരാവത്തിനെതിരെ അന്വേഷണം നടത്തുകയുമായിരുന്നു. വിഷയത്തില്‍ കെരാവത്തിന്‍റെ വിശദീകരണവും കേട്ട ശേഷമാണ് ഡിവിഷണല്‍ കമ്മിഷണര്‍ നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കെരാവത്തിനെതിരായുള്ള നടപടിക്കെതിരെ മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയിട്ടുള്ള, സ്കൂളിന് നൂറ് ശതമാനം വിജയം കൊണ്ട് വന്ന പ്രിന്‍സിപ്പാളിനെതിരെയുള്ള നടപടി അസഹ്യപ്പെടുത്തുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.