മരടിലെ അംബരചുംബികളുടെ പതനത്തിനു ശേഷം കേരളത്തിലെ നഗര റിയൽ എസ്റ്റേറ്റ് വികസനത്തിന്റെ വേഗതയിലും ദിശയിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്. രണ്ടുവർഷത്തിലധികം വൈകിയെങ്കിലും സംസ്ഥാനത്തു പ്രവർത്തനമാരംഭിച്ച റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ രജിസ്ട്രേഷൻ റഗുലേഷൻ പ്രവർത്തനങ്ങൾ ഇതിന്റെ അടിസ്ഥാന ശിലയാകും; ഉപഭോക്തൃ സംരക്ഷണം സാദ്ധ്യമാകും എന്നും വിശ്വസിക്കാം. എന്നാൽ കേരളം പോലെ ജലാശയങ്ങൾ നിറഞ്ഞതും പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് വാണിജ്യ പ്രാധാന്യമുള്ളതുമായ സംസ്ഥാനത്ത് റഗുലേറ്ററി അതോറിറ്റിക്ക് തീരദേശ പരിപാലന ചട്ടമുൾപ്പെടെ സങ്കീർണ നിർമാണാനുമതി ചട്ടങ്ങൾ കൈകാര്യം ചെയ്യൽ എളുപ്പമാവില്ല.
പഞ്ചായത്തീരാജ് നഗരപാലിക നിയമത്തിന്റെ കീഴിലാണ് സംസ്ഥാനത്ത് വാണിജ്യ ഗാർഹിക കെട്ടിടങ്ങളുടെ നിർമാണാനുമതി നൽകപ്പെടുന്നത്. കൺകറന്റ് ലിസ്റ്റിലുള്ള കേന്ദ്രനിർമ്മാണ പരിസ്ഥിതി ചട്ടങ്ങളും സംസ്ഥാന ചട്ടങ്ങൾക്കു മീതേ പ്രാബല്യത്തിൽ വിജ്ഞാപനം ചെയ്യപ്പെടും. സംസ്ഥാന കെട്ടിടനിർമ്മാണചട്ടം ഭേദഗതി ചെയ്താലും ഇല്ലെങ്കിലും കേന്ദ്രനിയമത്തിന്റെ അഥവാ ചട്ടത്തിന്റെ വ്യവസ്ഥകൾ സംസ്ഥാന ഭരണപരമായ വശങ്ങളുൾപ്പെടെ പ്രാബല്യത്തിൽ വരും. ഈ കേന്ദ്രനിയമ ചട്ടരൂപീകരണം മിക്കപ്പോഴും സംസ്ഥാനങ്ങളുടെയും പൊതുജനങ്ങളുടെയും തത്പര്യ ഗ്രൂപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. മിക്ക കേന്ദ്രചട്ടങ്ങളും കരട് വിജ്ഞാപനം ചെയ്തത് പൊതുജനാഭിപ്രായം രൂപീകരിച്ചാണ് അന്തിമമാക്കപ്പെടുന്നത്.
ആയതിനാൽ ഈ ഘട്ടത്തിൽ കരട് ലഭിക്കുന്ന ബന്ധപ്പെട്ട സംസ്ഥാനഭരണ വകുപ്പ് സമയോചിത ബുദ്ധിയോടെ കേന്ദ്രനിയമ നിർമ്മാണത്തിൽ പങ്കാളിയാകേണ്ടതുണ്ട്. നിയമം ബാധിക്കുന്നവരുമായി കരട് കൂലങ്കഷമായി ചർച്ചചെയ്ത് നിർവഹണ പ്രശ്നങ്ങൾ യഥാസമയം കേന്ദ്രമന്ത്രാലയത്തെ നേരിൽ ബോധിപ്പിക്കേണ്ടതുമുണ്ട്. എന്നാൽ അത്തരം നിരവധി കരടുകളുടെ പണിപ്പുരയിൽ നിന്നുള്ള അനുഭവത്തിൽ കണ്ടത് ഈ ഘട്ടത്തിലെ വിശകലനത്തിന്റെ ആഴത്തിൽ കേരളം നില വളരെ മെച്ചപ്പെടുത്താനുണ്ടെന്നാണ്. തീരദേശ പരിപാലന നിയമം പരിസ്ഥിതി വകുപ്പുകൾക്കും റെഗുലേറ്റർമാർക്കും വളരെ ഉണർവുണ്ടാക്കുന്ന ആശയമായിരിക്കാം. എന്നാൽ നിയമം നിഷ്കർഷിക്കുന്ന നിയന്ത്രണങ്ങൾ , ഏതെല്ലാം ഉഷ്ണമേഖലയിലെ വളരെയധികം തീരപ്രദേശമുള്ള വികസ്വര രാജ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നെന്ന് ശ്രദ്ധിക്കണം. ജപ്പാനും സിംഗപ്പൂരും പോലെയുള്ള ദ്വീപ് രാജ്യങ്ങൾ തീരദേശത്തെ നിർമ്മാണം നിയന്ത്രിക്കുന്നതു കേരള സാഹചര്യവുമായി തുലനം ചെയ്യണം. ജപ്പാനിൽ മുൻപ് കടലായിരുന്നിടത്ത് ബഹുനില മന്ദിരങ്ങളും ടൗൺഷിപ്പുകളും പണിയുന്നു. ഗൾഫ് നാടുകളിലും കടലിൽ സിവിൽ നിർമ്മാണം സാധാരണമാണ്. ലോകത്തെ ഏറ്റവും റേറ്റിംഗുള്ള ഹോട്ടലുകളിലൊന്ന് കടൽ നികത്തിയാണ് സ്ഥിതിചെയ്യുന്നത്.
കേരളത്തിലും ഇപ്രകാരം യഥേഷ്ടം തീരദേശത്ത് നിർമ്മിതികൾ ആവാമെന്നല്ല വിവക്ഷ. എന്നാൽ കേരളം നിശ്ചയിക്കുന്ന ഒരു നിർമ്മാണ നിയന്ത്രണത്തിന് സാമ്പത്തിക സാമൂഹിക പ്രാധാന്യമുണ്ട്. സ്ഥലവില തീരദേശത്തും കായൽ പുഴയോരത്തും താരതമ്യേന കൂടുതലാണ് എന്നതുമാത്രമല്ല ഇതിനു കാരണം. ഇത്രയധികം പ്രവാസി പണം ( രണ്ടുലക്ഷം കോടി രൂപ ) പ്രതിവർഷം ലഭിക്കുന്ന കേരളത്തിൽ വ്യാവസായിക വികസനം കുറവായതു കാരണം റിയൽ എസ്റ്റേറ്റ്, സ്വർണം, ടൂറിസം, മദ്യം, ഷെയർ വ്യവസായങ്ങളിലാണ് മുതൽമുടക്ക് നടക്കുന്നത്. കുറഞ്ഞത് 20,000 കോടി രൂപയുടെ നിക്ഷേപം ഗാർഹിക നിർമ്മാണ വ്യവസായത്തിന് കേരളത്തിൽനിന്നും ലഭിക്കുന്നു എന്നാണ് കണക്ക്. ശരാശരി പ്രതിശീർഷ ഗൃഹനിർമ്മാണ ചെലവും മലയാളികൾക്ക് വളരെ കൂടുതലാണ്. ദേശീയ തലത്തിലുള്ള ഏതാണ്ടെല്ലാ വൻകിടഇടത്തര ബിൽഡർമാരും കേരളത്തിൽ ചുവടുറപ്പിക്കാൻ താത്പര്യപ്പെടുന്നതും ഇതിനാലാണ്.
എന്നാൽ ഈ നിർമ്മാണ കമ്പോളത്തിന്റെ ആധുനികമായ നിയന്ത്രണം നമ്മുടെ നഗരസഭാ ഭരണങ്ങൾക്ക് സുസാദ്ധ്യമാകുന്നില്ല. പൊടുന്നനെ കടന്നുവരുന്ന നിയന്ത്രണ ചട്ടങ്ങക്കൾനുസരിച്ചുള്ള നഗരസഭ പഞ്ചായത്ത് തിരിച്ചുള്ള സൂക്ഷ്മ ഭൂപടങ്ങളും അതിനനുസരിച്ചുള്ള മാസ്റ്റർ പ്ലാനിംഗും ത്വരിതഗതിയിൽ നഗരസഭകൾ തയ്യാർ ചെയ്ത് വൈദഗ്ധ്യവും പ്രയോഗക്ഷമതയും കൂട്ടിയിണക്കി പ്രസിദ്ധം ചെയ്യേണ്ടതുണ്ട്. ഇതിനൊക്കെ നഗരസഭാഭരണം പ്രാതിനിധ്യ സ്വഭാവത്തിനപ്പുറം വൈദഗ്ധ്യം ജിയോ സ്പേഷ്യൽ പ്ലാനിംഗിലും ഡിസൈനിലും പാരിസ്ഥിതിക പരിഗണനകളിലും കൈവരിക്കേണ്ടതുണ്ട്. വളരെ കൂടുതൽ നിർമ്മാണം നടക്കുന്ന മരട് പോലുള്ള താരതമ്യേന പുതിയ നഗര സഭകളിൽ ദേശീയ മികവുള്ള കൺസൾട്ടന്റുകളെ ലഭ്യമാക്കി നഗരാസൂത്രണം സംഘടിപ്പിക്കേണ്ടതുണ്ട്. ഇത്തരം കൺസൾട്ടന്റുമാരുടെ കരടുകൾ അന്തർദേശീയ തലത്തിൽ മികവുള്ള പ്ലാനിംഗ് കൺസൾട്ടന്റിനെക്കൊണ്ട് ചീഫ് ടൗൺ പ്ലാനർ തലത്തിൽ പരിശോധിപ്പിക്കണം. ചട്ടങ്ങൾ അടിക്കടി മാറുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കും. അനുവദനീയമല്ലാതിരുന്ന ദൂരത്ത് പിന്നീട് അനുവദിക്കുമ്പോൾ സ്വകാര്യ ഭൂമി നേരത്തേയുള്ള ചട്ടപ്രകാരം നിർമ്മിച്ചു പോയതിനാൽ മൂല്യം കുറയുന്നു. 'മാക്സിമെലിസ്റ്റ് " നിർദ്ദേശം ആദ്യം നടപ്പാക്കി പിന്നീട് പരിമിതി മനസിലാക്കുമ്പോൾ ദുർബലപ്പെടുത്തുന്ന ശൈലിയാണ് നമുക്കുള്ളത്. ഇത് 'പൈലറ്റ് ടെസ്റ്റ് " ചെയ്യുന്നതും സാമ്പത്തിക പ്രത്യാഘാതം വിശകലനം ചെയ്യാത്തതുമായ ചട്ടപ്രയോഗത്തെയാണ് കുറിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ചട്ടപ്രയോഗം സാമ്പത്തികമായി ദുർബലമായിരിക്കും.
നഗരസഭകളിൽ വിദഗ്ദ്ധ സേവനം ആവശ്യമാണെന്നു മാത്രമല്ല പ്രാതിനിധ്യ സ്വഭാവവും മാറേണ്ടതുണ്ട്. എല്ലാ നഗരസഭയിലും തിരഞ്ഞെടുത്ത അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്നെങ്കിലും റെസിഡന്റസ് അസോസിയേഷൻ, അഭിഭാഷകർ, ബിസിനസുകാർ എന്നിവരെക്കൂടി ഉൾക്കൊള്ളിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. കൊച്ചി പോലെ തന്ത്രപ്രധാനമായ ഒരു നഗരസഭയുടെ ഉദ്യോഗസ്ഥ നേതൃത്വവും പരിചയസമ്പന്നരായ സീനിയർ ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാക്കേണ്ടതുണ്ട്. മഹാരാഷ്ട്രയിലും മറ്റും, മുംബയ് നഗരസഭ സീനിയർ ഐ.ഏ.എസ് / സ്റ്റേറ്റ് സർവീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് എന്നോർക്കണം. ഇങ്ങനെ നാനാവിധമായ പ്രവർത്തനം മെച്ചപ്പെടുത്തൽ മരടിന്റെ വശമായി നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്. മൂവായിരത്തിലധികം കെട്ടിടങ്ങൾ കൂടി നശിപ്പിക്കേണ്ടിവരാൻ സാധ്യതയുണ്ട് എന്നതാണ് മരടിന്റെ ഒരു ആഘാതം. ഇനിയും നമ്മൾ കാര്യമായി താത്പര്യമെടുത്തില്ലെങ്കിൽ മികച്ച സുസ്ഥിര നഗര നിർമ്മിതി അസാദ്ധ്യമാവും.
( അഭിപ്രായം വ്യക്തിപരം)