അരക്ഷിതാവസ്ഥ നിറഞ്ഞ ഗൾഫ് കുടിയേറ്റം
കുമരകം സ്വദേശി ബീന ഓമനക്കുട്ടൻ കഴിഞ്ഞ ഡിസംബർ 31 നാണ് കുവൈറ്റിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്. മക്കളുടെ പഠനത്തിനു പണം കണ്ടെത്താൻ ബീന 2019 ജൂലായിലാണ് ഗാർഹിക തൊഴിലാളിയായി കുവൈറ്റിലേക്ക് പോയത്. അതും സുരക്ഷിത കുടിയേറ്റവും മാന്യമായ ജോലിയും ഉറപ്പുനൽകുന്ന, മുഖ്യമന്ത്രി ചെയർമാനായിട്ടുള്ള നോർക്ക വഴി.
മക്കളുടെ സുരക്ഷിതമായ ഭാവി സ്വപ്നം കണ്ട് കുവൈറ്റിലേക്ക് പറന്ന ആ സ്ത്രീയെ അവിടെ കാത്തിരുന്നത് അടിമപ്പണിയാണ്. ദിവസവും 20 മണിക്കൂർ ജോലി. ഭക്ഷണം ഒരു നേരം മാത്രം. യാതനകൾക്കിടയിൽ നിലനില്പ് അസാദ്ധ്യമായപ്പോൾ നാട്ടിലേക്ക് തിരികെ വരാൻ തീരുമാനിച്ചു. എന്നാൽ മടങ്ങി വരവെന്ന തീരുമാനത്തിന് വിലങ്ങു തടിയായി വലിയൊരു പ്രതിബന്ധം ബീനയെ കാത്തിരിപ്പുണ്ടായിരുന്നു. 'അൽ ദുര" എന്ന കുവൈറ്റ് ഏജൻസിക്ക് 1.1 ലക്ഷം രൂപ വിടുതൽ പണം നൽകിയാൽ മാത്രമേ മടങ്ങാനാകൂ! ഒടുവിൽ ഭർത്താവ് നാട്ടിൽ നിന്ന് കടം വാങ്ങിയ പണം കുവൈറ്രിലുള്ള സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്താണ് ബീനയുടെ മടങ്ങിവരവ് സാദ്ധ്യമാക്കിയത്.
സുരക്ഷിത കുടിയേറ്റത്തിനു നോർക്ക കരാർ ഒപ്പിട്ടിരിക്കുന്ന ഏജൻസിയാണ് അൽ ദുര. കഴിഞ്ഞ ലോക കേരള സഭയിലും നോർക്കയുടെ ഈ കരാറിനെക്കുറിച്ച് ചർച്ച നടന്നിരുന്നു.
ബീന തിരിച്ചെത്തിയെങ്കിലും ഒന്നരലക്ഷം രൂപ ഏജൻസിക്ക് നൽകാനില്ലാതെ, ഈ ലേഖനം എഴുതുമ്പോൾ പോലും രണ്ട് മലയാളി ഗാർഹിക തൊഴിലാളികൾ കുവൈറ്റിൽ കുടുങ്ങിക്കിടപ്പുണ്ട്.
വനിതാ ഗാർഹിക തൊഴിലാളികളുടെ കാര്യം ഇങ്ങനെയാണെങ്കിൽ ചെറിയ ജോലികൾക്കായി ഗൾഫിലേക്ക് കുടിയേറിയിട്ടുള്ള പുരുഷന്മാരുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല.
കഴിഞ്ഞ നാലുമാസമായി വേതനമില്ലാതെ, 110 മലയാളികൾ മസ്കറ്റിൽ , പട്ടിണി കിടക്കേണ്ട ഗതികേടിൽക്കൂടി കടന്നു പോവുകയാണ്. മസ്ക്കറ്റിലെ ബേക്കറി തൊഴിലാളികളായ ഇവർ മുട്ടാത്ത വാതിലുകളില്ല. ഒരിടത്തു നിന്നും ആശാവഹമായ മറുപടി ഇതുവരെ കിട്ടാത്തതിനാൽ നാട്ടിലേക്കുള്ള മടക്കം അസാദ്ധ്യമായിരിക്കുകയാണ് ഇവർക്ക്.
അറബ് രാജ്യങ്ങളിലേക്കുള്ള കേരളീയരുടെ കുടിയേറ്റം തുടങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. എന്നാലിന്നും കുടിയേറ്റത്തിൽ സുരക്ഷിതത്വമില്ലായ്മ തുടരുന്നു എന്നതാണ് വാസ്തവം.
സാധാരണ തൊഴിലാളിയായി അറബ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവർ നേരിടുന്ന പ്രശ്നങ്ങൾ സമാനമാണ്. മലയാളിയോ തമിഴനോ പഞ്ചാബിയോ ആരുമായിക്കൊള്ളട്ടെ ചെറിയ ജോലി ചെയ്യുന്നവർ ആരായാലും സുരക്ഷിതരല്ലെന്ന് സാരം.
കേരളത്തിന്റെ നെടുംതൂൺ
മലയാളികൾ കഴിഞ്ഞ സാമ്പത്തിക വർഷം സമ്പാദിച്ച് നാട്ടിലേക്കയച്ചത് രണ്ട് ലക്ഷം കോടി രൂപയാണ് . സംസ്ഥാന ജി.ഡി.പി യുടെ ഏകദേശം 30 ശതമാനത്തോളം വരും ഇത്. അതായത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ നിർണായക പങ്കുണ്ട് ഈ സമ്പാദ്യത്തിന്. മേല്പറഞ്ഞ രണ്ടുലക്ഷം കോടിയിൽ വിദേശനിക്ഷേപം ഒന്നുമില്ല.
ഏകദേശം 32 ലക്ഷം മലയാളികൾ കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്നുണ്ട്. അതിൽ 22 ലക്ഷം അറബ് രാജ്യങ്ങളിലെ ജോലിക്കാരാണ്. ഇതിൽ പത്തുശതമാനം മെച്ചപ്പെട്ട ജോലിയിലും ലാഭകരമായി കച്ചവടം ചെയ്യുന്ന സമ്പന്നരുടെ പട്ടികയിലുമാണെങ്കിൽ ബാക്കിയുള്ളവരിൽ ഏറെയും പതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയിൽ മാസശമ്പളത്തിൽ പണിയെടുക്കുന്നവരാണ്.
ദിവസം 52 തൊഴിൽ പരാതി
ഇന്ത്യൻ പാർലമെന്റിൽ സമർപ്പിക്കപ്പെട്ട ഔദ്യോഗിക രേഖ അനുസരിച്ച് കഴിഞ്ഞ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ഒരു ദിവസം ആറ് ഗൾഫ് രാജ്യങ്ങളിലെ എംബസികളിൽ ദിവസം ശരാശരി 52 തൊഴിൽ പരാതികൾ കിട്ടുന്നുണ്ടെന്നാണു കണക്ക്. ഏറ്റവും പുതിയ രേഖകൾ പ്രകാരം ജനുവരി മുതൽ ഒക്ടോബർ വരെ ശരാശരി ഒരു ദിവസം 15 ഇന്ത്യക്കാർ ഗൾഫിൽ മരിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും തൊഴിൽ രംഗത്തുണ്ടാകുന്ന സമ്മർദ്ദം മൂലമാണ്.
കുടിയേറ്ര തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ജന്മനാടായ കേരളത്തിന്റെ ഉത്തരവാദിത്വമാണ്. ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും ഭാരത സർക്കാർ ഒപ്പുവച്ചതുമായ കരടുരേഖ അനുസരിച്ച് സുരക്ഷിതവും ചിട്ടയോടും ക്രമപരവുമായ കുടിയേറ്റം സാദ്ധ്യമാക്കുകയാണ് ഇതിനുള്ള എളുപ്പമാർഗം. അധികാരികൾ ഇനിയെങ്കിലും ഇക്കാര്യത്തിലുള്ള നിസംഗതയും ആലസ്യവും വെടിയണം.
കഫാല എന്ന കുരുക്ക്
മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുന്ന കഫാല എന്നറിയപ്പെടുന്ന തൊഴിലുടമ - തൊഴിലാളി നിയമം നിലവിലുള്ള അറബ് രാജ്യങ്ങളിലാണ് ഭൂരിഭാഗം മലയാളികളും പണിയെടുക്കുന്നത് . നമ്മെ സംബന്ധിച്ച് ഗൾഫിലുള്ള എല്ലാ മലയാളികളും പ്രവാസികളാണ്. 10,000 കോടി രൂപ വാർഷിക വരുമാനമുള്ള മലയാളി വ്യവസായിയെയും 10,000 രൂപ മാത്രം മാസം ശമ്പളമുള്ള ഗാർഹിക തൊഴിലാളിയെയും പ്രവാസിയായി ആണ് നാമിപ്പോഴും കാണുന്നത്. ഇതിൽ ഒരു വലിയ അപകടം ഒളിച്ചിരിപ്പുണ്ട്. തൊഴിലാളിയെ തൊഴിലാളി എന്ന് വിളിച്ചില്ലെങ്കിൽ അങ്ങനെ കണ്ടില്ലെങ്കിൽ അവന്റെ ആവശ്യങ്ങൾ എന്തെന്ന് അധികാരികൾക്കു പോലും തിരിച്ചറിയാനാവില്ല. അവകാശങ്ങളെക്കുറിച്ച് അറിയാത്തവർ എങ്ങനെയാണ് അവകാശലംഘനങ്ങളെക്കുറിച്ച് അറിയുക?
ആരാണ് കുടിയേറ്ര തൊഴിലാളി
ലോക തൊഴിലാളി സംഘടനയുടെ നിർവചനം അനുസരിച്ച് സ്വന്തം രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് തൊഴിൽ തേടിപ്പോകുന്ന വ്യക്തിയെയാണ് കുടിയേറ്റ തൊഴിലാളി എന്ന് വിളിക്കുന്നത്. തൊഴിലിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്നവരാണ് ഇവർ
(ലേഖകൻ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ലണ്ടൻ ആസ്ഥാനമായ ഇക്വിഡത്തിന്റെ ഇന്ത്യ - ഗൾഫ് സീനിയർ ഇൻവെസ്റ്റിഗേറ്ററും ലേബർ മൈഗ്രേഷനിലെ പാനോസ്, റോയിട്ടേഴ്സ് മാദ്ധ്യമ ഫെലോയുമാണ്.)