affair

ഗാസിയാബാദ്: ഭാര്യയുടെ അനിയത്തിയെ സ്വന്തമാക്കുന്നതിനായി ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 11നും 12നും ഇടയ്ക്ക് ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഭാര്യാസഹോദരിയുമായുള്ള രഹസ്യ ബന്ധം നിലനിർത്താനാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വീട്ടിലുണ്ടായ ഒരു മോഷണ ശ്രമത്തിനിടെ ഭാര്യ കൊല്ലപ്പെട്ടു എന്ന് വരുത്തി തീർക്കാനായിരുന്നു ഇയാളുടെ ശ്രമം.

ഇതിനായി മൂന്ന് പേരെ ഇയാൾ വാടകയ്ക്കെടുക്കുകയും വീട്ടിൽ മോഷണം നടത്തുന്നതായി ഭാവിച്ചുകൊണ്ട് ഭാര്യയെ വകവരുത്താൻ ഇവരെ ഇയാൾ ചട്ടം കെട്ടുകയും ചെയ്‌തിരുന്നു. തനിക്ക് ഇങ്ങനെയൊരു പദ്ധതിയുണ്ടായിരുന്ന കാര്യം ഇയാൾ പൊലീസിനോട് തുറന്നു സമ്മതിച്ചിട്ടുണ്ട്. ഭാര്യയെ വകവരുത്തി ശേഷം തന്റെ കുട്ടികളെ നോക്കാൻ വേണ്ടി എന്ന് മറ്റുള്ളവരെ ബോധിപ്പിച്ചുകൊണ്ട് ഭാര്യയുടെ അനുജത്തിയെ ഒപ്പം താമസിപ്പിക്കാനായിരുന്നു ഇയാളുടെ പദ്ധതി.

ഭാര്യയെ ഇല്ലാതാക്കാൻ വേണ്ടി ഇതിനുമുൻപും ഇയാൾ ശ്രമിച്ചിട്ടുണ്ട്. രണ്ട് വ്യാജ ഡോക്ടർമാരെ വീട്ടിലേക്ക് കൊണ്ടുവന്ന് ഭാര്യയ്ക്ക് വിഷം കൊടുത്ത് കൊല ചെയ്യാനാണ് ഇയാൾ മുൻപ് ശ്രമിച്ചത്. ഇവരുടെ ഉപദേശപ്രകാരം മറ്റൊരു വാടകക്കൊലയാളിയെ ഉപയോഗിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ഇയാൾ ശ്രമിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്താനായി മൂന്ന് പേരെ വീട്ടിലേക്ക് എത്തിച്ച വിവരം പൊലീസ് മനസിലാക്കുന്നത്.