ratan-tata

ഗാന്ധിനഗർ : പൗരത്വ നിയമ ഭേദഗതിയുടെയും, സാമ്പത്തിക മാന്ദ്യത്തിന്റെയും പേരിൽ സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്നും കേന്ദ്ര സർക്കാരിനു നേരെ വിമർശനമുയരുമ്പോൾ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും വാനോളം പുകഴ്ത്തി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ. രാജ്യത്തിനെ കുറിച്ച് മികച്ചതും വ്യക്തവുമായ കാഴ്ചപ്പാടുള്ളവരാണ് രാജ്യം ഭരിക്കുന്നവരെന്ന് അദ്ദേഹം തുറന്നടിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌കിൽസിന്റെ ശിലാസ്ഥാപന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത ചടങ്ങിലാണ് രത്തൻ ടാറ്റയുടെ പ്രശംസ. നരേന്ദ്ര മോദിക്കും, അമിത്ഷായ്ക്കും മന്ത്രിസഭയിലെ മറ്റുള്ള അംഗങ്ങൾക്കും മികച്ച കാഴ്ചപ്പാടുണ്ട്, രാജ്യ പുരോഗതി ലക്ഷ്യമിട്ട് നിരവധി പുതിയ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഈ സർക്കാരിന് പിന്തുണനൽകുന്നതിൽ അഭിമാനമുണ്ടെന്നും രത്തൻ ടാറ്റ അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ പിന്തുണയോടെ ടാറ്റ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌കിൽസ് നിർമ്മിക്കുന്നത്. രാജ്യത്ത് ഇത്തരത്തിൽ മൂന്നിടങ്ങളിലാണ് ടാറ്റ സ്ഥാപനങ്ങൾ നിർമ്മിക്കുന്നത്. ഇതിൽ കാൺപൂരിലെ സ്ഥാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ൽ ശിലാസ്ഥാപനം നടത്തിയിരുന്നു. പ്രതിരോധം, സ്‌പേസ്, പെട്രോളിയം,പ്രകൃതി വാതകം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്കുള്ള ഗവേഷണപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ സ്ഥാപനങ്ങൾ ടാറ്റ തുടങ്ങുന്നത്.