പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആദ്യമുയർന്നത് ക്യാമ്പസുകളിലായിരുന്നു. വിദ്യാർത്ഥി സമൂഹം ഒന്നായി തെരുവിലറങ്ങിയ പ്രതിഷേധ പരമ്പരകളുടെ പ്രഭവകേന്ദ്രം രാജ്യതലസ്ഥാനത്തെ ജെഎൻയു- ജാമിയാ മിലിയായിലുമായിരുന്നു. സർക്കാർ പൊലീസ് സംവിധാനങ്ങളുപയോഗിച്ച് ഈ പ്രതിഷേധങ്ങളെ പ്രതിരോധിച്ചപ്പോൾ പ്രതിപക്ഷ കക്ഷികൾ വിദ്യാർത്ഥികൾക്കു പിന്തുണയുമായി എത്തുകയും ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിൽ സന്ദർശനം നടത്തവെ ജെഎൻയുവിലെ വിദ്യാർത്ഥികളെ നേരിൽ കണ്ടു സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിൽ മുഖ്യമന്ത്രി പക്ഷപാതം കാട്ടി എന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബിജോൺ. ജാമിയാ മിലിയാ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ കേരള മുഖ്യമന്ത്രിയെ നേരിൽ കാണുവാൻ സന്ദർശനാനുമതി തേടിയിരുന്നു, എന്നാൽ ഈ വിദ്യാർത്ഥികളെ കാണാൻ മുഖ്യമന്ത്രി വിസമ്മതിച്ചുവെന്ന് ഷിബു ബേബിജോൺ ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ഷിബു വെളിപ്പെടുത്തുന്നത്. ജെഎൻയുവും ജാമിയാമിലിയായും മുഖ്യമന്ത്രിയുടെ സമീപനങ്ങൾ വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന അദ്ദേഹം. ഇതിനുള്ള കാരണം മുഖ്യമന്ത്രി പറയണമെന്നും ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജെഎൻയുവും ജാമിയാ മില്ലിയായും സമീപനങ്ങൾ വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്?
ഇക്കഴിഞ്ഞ ഡൽഹി സന്ദർശനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ജെഎൻയു വിദ്യാർത്ഥികൾ നേരിൽകണ്ട് സംസാരിച്ചു എന്ന് മാധ്യമങ്ങളിലൂടെ നാമെല്ലാം അറിഞ്ഞു. അതെ നഗരത്തിലെതന്നെ ജാമിയാ മില്ലിയാ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ഇദ്ദേഹത്തെ കാണാനായി സമീപിച്ചിരുന്നു, എന്നാൽ സന്ദർശനാനുമതി നൽകിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
ജെഎൻയുവും ജാമിയാ മില്ലിയായും വിദ്യാർത്ഥികൾ മുന്നിൽ നിന്ന് നയിക്കുന്ന പോരാട്ടങ്ങൾ ആണ്. പോലീസ് ഈ രണ്ട് യുണിവേഴ്സിറ്റികളിലും ക്രൂരമർദ്ദനം അഴിച്ചുവിട്ടിരുന്നു. ഫീസ് വർദ്ധന ഉൾപ്പടെയുള്ള വിഷയങ്ങളിൽ ജെഎൻയുവിൽ സമരങ്ങൾ നടക്കുകയായിരുന്നു, എന്നാൽ ജാമിയാ മില്ലിയായിൽ പൗരത്വ നിയമ ഭേദഗതിയെന്ന ഒറ്റ വിഷയത്തിന്മേൽ ആണ് സമരം തുടങ്ങിയത്. വസ്തുതയും സാഹചര്യവും ഇങ്ങനെയായിരിക്കെ മുഖ്യമന്ത്രി എന്തുകൊണ്ട് ജാമിയാ മില്ലിയാ വിദ്യാർത്ഥികളെ കാണാൻ വിസമ്മതിച്ചു എന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കണം.