red-239

എസ്.പി ഷാജഹാൻ, സി.ഐ അലിയാരെ നോക്കി കണ്ണുകൾ കൊണ്ട് ഒരടയാളം കാട്ടി.

പിന്നെ സംസാരിച്ചത് അലിയാരാണ്.

''തമ്പുരാനുമായി ചങ്ങാത്തത്തിലായ ആ ആൾ... അത് മറ്റാരുമല്ല. ഇവിടുത്തെ എം.എൽ.എ ശ്രീനിവാസകിടാവ്."

ബലഭദ്രന്റെ കണ്ണുകളിൽ ഞെട്ടലിനൊപ്പം ഒരു പുച്ഛഭാവവും മിന്നി.

''കഥകളുണ്ടാക്കുമ്പോൾ അത് സ്വാഭാവികമായും മറ്റുള്ളവർ കേട്ടാൽ വിശ്വസിക്കുവാൻ പോകുന്നതും ആകണം അലിയാരേ.. ഞാൻ കിടാവുമായി സൗഹൃദത്തിലാകുക! എന്നിട്ടാണോ ഇക്കാലമത്രയും അയാളെ എതിർത്തുകൊണ്ടിരുന്നത്? എന്നിട്ടാണോ അയാൾ എന്നെയും അനന്തഭദ്രൻ ഏട്ടനെയും പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമർദ്ദനങ്ങൾക്ക് വിധേയനാക്കിയതും ഏട്ടൻ മരണപ്പെട്ടതും?"

വിവേചിച്ചറിയാനാവാത്ത ഒരു ഭാവമുണ്ടായി ബലഭദ്രനിൽ.

''ഈ പറഞ്ഞതിനൊക്കെ രണ്ട് ഘട്ടങ്ങളും രണ്ട് മുഖങ്ങളുമുണ്ട് തമ്പുരാൻ.

മുഖങ്ങൾ എന്ന് ഉദ്ദേശിച്ചതിൽ ഒന്ന് - സൗഹൃദത്തിൽ ഇരിക്കുമ്പോൾത്തന്നെ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി പരസ്യമായി കിടാവിനെ എതിർക്കുക. രണ്ട് : രാത്രിയുടെ മറവിൽ കിടാവിന്റെ ഫാംഹൗസിൽ ഒത്തുചേർന്ന് അന്നന്നത്തെ കാര്യങ്ങൾ ഡിസ്‌കസ് ചെയ്യുക... എന്തിന്, കിടാവിന്റെ അമ്യൂസ്‌മെന്റ് പാർക്കിനു പോലും അനന്തഭദ്രൻ തമ്പുരാനും ബലഭദ്രൻ തമ്പുരാനും ഷെയറുകൾ ഉണ്ട്."

''അലിയാർ..." ബലഭദ്രന്റെ കടപ്പല്ലുകൾ ഞെരിഞ്ഞു. ''നിങ്ങൾ അതിരുവിടുന്നു."

''ഇല്ല തമ്പുരാൻ." അലിയാർ പതറിയില്ല. ''പിന്നെ രണ്ട് ഘട്ടങ്ങൾ എന്ന് ഞാൻ ഉദ്ദേശിച്ചത്. അതിൽ ഒന്ന് - കിടാക്കന്മാരുമായുള്ള അടുപ്പവും അതിനു ശേഷമുണ്ടായ അകൽച്ചയും."

രണ്ട് - സാമ്പത്തിക പ്രശ്നങ്ങൾ മൂലമുണ്ടായ തർക്കങ്ങൾ."

''തനിക്ക് ഭ്രാന്താണ്." ബലഭദ്രൻ അസ്വസ്ഥനായി​ തല കുടഞ്ഞു.

അത് ശ്രദ്ധി​ച്ചി​ല്ല അലി​യാർ. അയാൾ തുടർന്നു:

''നി​ങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്ന സമയത്ത് രാമഭദ്രൻ തമ്പുരാനെയും വസുന്ധര തമ്പുരാട്ടിയെയും കൊലപ്പെടുത്തി. അതിനിടയിൽത്തന്നെ ചന്ദ്രകല എന്ന ഭൂലോക പ്രോസ്റ്റിറ്റ്യൂട്ടിനെ തമ്പുരാനുമായി അടുപ്പിച്ചു.

പിന്നീട് എപ്പോഴെങ്കിലും തമ്പുരാന് സംശയം തോന്നിയതുകൊണ്ടാവാം സ്വത്തുക്കൾ മുഴുവൻ പാഞ്ചാലിയുടെയും ചന്ദ്രകലയുടെയും പേർക്ക് എഴുതിവച്ചത്. അല്ലെങ്കിൽ ചന്ദ്രകല മുഖാന്തിരം തമ്പുരാനെ അതിനു പ്രേരിപ്പിച്ചതുമാകാം. പാഞ്ചാലി ഇല്ലാതെയായാൽ സ്വത്തുക്കൾ ചന്ദ്രകലയിൽ വന്നുചേരുകയും നിങ്ങൾക്ക് അത് യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യാം."

അലിയാർ ഒന്നു നിർത്തി, ബലഭദ്രനു നേർക്ക് കണ്ണയച്ചു. ഇപ്പോൾ അലക്ഷ്യഭാവത്തിൽ ഇരിക്കുകയാണ് അയാൾ.

ബാക്കികൂടി പറയുവാൻ ഷാജഹാൻ അലിയാർക്ക് ആംഗ്യം കാട്ടി.

അലിയാർ തുടന്നു:

''നിങ്ങളും കിടാവും തമ്മിലുള്ള ധാരണയിൽ ഇടയ്ക്കിടെ വിള്ളൽ വീണുകൊണ്ടിരുന്നു. അതിൽ ആദ്യത്തേത് നിലവറയ്ക്കുള്ളിലെ നിധിയായിരുന്നു. നിങ്ങൾ പൊളിച്ച കല്ലറകളിൽ ഒന്നിൽ ഉണ്ടായിരുന്ന ശതകോടിക്കണക്കിനു രൂപയുടെ രത്നങ്ങൾ കിടാവിനു പങ്കിട്ടില്ല.

അതോടെ കിടാവിന് ഉള്ളിൽ നീരസമായെങ്കിലും പുറത്തുകാണിച്ചില്ല. പിന്നെ ചന്ദ്രകലയും കിടാവുമായുള്ള വഴിവിട്ട ബന്ധം. അത് ആപൽക്കരമാണെന്ന് നിങ്ങൾ മനസ്സിലാക്കി അവർ ഒന്നിച്ചുനിന്നാൽ നിങ്ങൾ രണ്ടാൾക്കും ഒന്നും കിട്ടിയെന്നുവരില്ല...

ഇക്കാര്യം പറഞ്ഞ് നിങ്ങൾ തമ്മിൽ വാഗ്വാദവും ഉണ്ടായിട്ടുണ്ട്. പരസ്പരം വധഭീഷണിയും മുഴക്കി. പാഞ്ചാലിയുടെ മരണത്തോടെ പ്രശ്നം രൂക്ഷമായി. എല്ലാം ചന്ദ്രകല, കിടാവിന് വിൽക്കാൻ തീരുമാനിച്ചപ്പോൾ നിങ്ങൾ തമ്പുരാക്കന്മാരുടെ സകല പ്രതീക്ഷകളും അറ്റുപോയി."

പറഞ്ഞുനിർത്തിയിട്ട് അലിയാർ ദീർഘമായി നിശ്വസിച്ചു.

''ഞങ്ങൾ മനസ്സിലാക്കിയ മറ്റൊരു കാര്യം കൂടിയുണ്ട്. വിവേക് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ വച്ച് കൊന്നതുപോലും നിങ്ങളുടെ നിർദ്ദേശപ്രകാരമായിരുന്നു."

''നോ..." അലറിക്കൊണ്ട് കസേര പിന്നോട്ടുതള്ളി ബലഭദ്രൻ ചാടിയെഴുന്നേറ്റു. ഇതൊക്കെ പ്രൂവു ചെയ്യാൻ എനിക്കെതിരെ എന്തു തെളിവുണ്ട് നിങ്ങളുടെ കയ്യിൽ? ഉണ്ടെങ്കിൽ കാണിക്ക്."

''ഓരോന്നും വേണ്ട സമയത്ത് ഞങ്ങൾ പുറത്തെടുക്കും." ഷാജഹാൻ ഒരു സിഗററ്റിനു തീ പിടിപ്പിച്ചു. ''നിങ്ങൾ എല്ലാം വിളിച്ചുപറയും എന്നൊരു ഘട്ടം വന്നപ്പോഴാണ് കിടാവിന്റെ നിർദ്ദേശാനുസരണം അന്നത്തെ പോലീസ് നിങ്ങൾ രണ്ടാളെയും കസ്റ്റഡിയിലെടുത്തതും അനന്തഭദ്രൻ മരണപ്പെട്ടതും."

''ഇങ്ങനിരുന്ന് വളുവളാന്ന് ഓരോന്നു പറയാതെ തെളിവ് കാണിക്ക് സാറേ. എന്നിട്ടെന്നെ കോടതിയിൽ ഹാജരാക്ക്."

വെല്ലുവിളി പോലെയായിരുന്നു ബലഭദ്രന്റെ ശബ്ദം.

ഷാജഹാൻ, വാതിൽക്കൽ നിന്നിരുന്ന എസ്.ഐ സുകേശിനു നേർക്കു കൈ ഉയർത്തി.

സുകേശ് വാതിൽ തുറന്നു പുറത്തേക്കു പോയി.

''തമ്പുരാനെന്താ ഈ തണുപ്പത്തും വിയർക്കുന്നത്?"

അലിയാർ ചോദിച്ചു.

''ആരോഗ്യമുള്ള ശരീരമേ വിയർക്കൂ." അതായി​രുന്നു തമ്പുരാന്റെ മറുപടി​.

അല്പസമയം കഴി​ഞ്ഞു.

എസ്.ഐ സുകേശ് വാതി​ൽ തുറന്ന് വീണ്ടും അകത്തേക്കു കയറി​.

അപ്പോൾ അയാൾക്കൊപ്പം മറ്റൊരാൾകൂടി​ ഉണ്ടായി​രുന്നു...

ആ മനുഷ്യനെ കണ്ട് ബലഭദ്രൻ തമ്പുരാൻ വി​ളറി​പ്പോയി​...!

(തുടരും)