
സിദ്ദിഖ് എന്ന സംവിധായകന്റെ സിനിമയ്ക്കെല്ലാം പൊതുവിൽ ഒരു ചേരുവ ഉണ്ടായിരിക്കും. പ്രേക്ഷകരെ ചിരിപ്പിക്കാൻ തയ്യാറാക്കിയ സിനിമകളാണ് അവയിൽ മിക്കതും. ഫാമിലി സെന്റിമൻസും ആക്ഷനും അവയ്ക്ക് അകമ്പടിയായി കൂടെയുണ്ടാകും. എന്നാൽ ഇത്തവണ അദ്ദേഹം ട്രാക്ക് ഒന്ന് മാറ്റിയിരിക്കുകയാണ്. സിദ്ദിഖ് മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ബിഗ് ബ്രദറിൽ പേര് സൂചിപ്പിക്കും പോലെ ഒരു ജ്യേഷ്ഠന്റെ കഥയാണ്. തമാശ കുറവും ആക്ഷൻ കൂടുതലുമാണ് ഈ സിദ്ദിഖ് ചിത്രത്തിൽ.
ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടും ജയിലിൽ കഴിയുന്ന സച്ചിദാനന്ദനെ പുറത്തിറക്കാൻ അയാളുടെ കുടുംബം ഒരുപാട് കഷ്ടപ്പെടുന്നു. 24 വർഷം കഴിഞ്ഞ് വരുന്ന സച്ചിയെ കുടുംബം ഇരു കൈയും നീട്ടി സ്വീകരിക്കുന്നു. ജീവിതത്തിന്റെ ഏറിയ പങ്കും ജയിലിനകത്തു കിടന്ന ഒരാൾ പെട്ടെന്ന് ഒരു നാൾ പുറം ലോകത്ത് എത്തുമ്പോൾ അനുഭവിക്കുന്ന കഷ്ടതകൾ സച്ചിയും നേരിടേണ്ടി വരുന്നു. എന്നാൽ പ്രത്യക്ഷത്തിൽ കാണുന്നതിനപ്പുറം ഒരു കഥ സച്ചിയിൽ ഉണ്ടെന്ന് വൈകാതെ വീട്ടുകാർ അറിയുന്നു.

സച്ചിദാനന്ദന്റെ ഭൂതകാലം അയാളുടെ കുടുംബത്തെയും വേട്ടയാടാൻ അധികം താമസമുണ്ടായില്ല. പഴയകാലത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കാത്ത അയാളെ സാഹചര്യങ്ങളുടെ സമ്മർദ്ദം അതിന് പ്രേരിപ്പിക്കുന്നു. നായകന്റെ മുഖ്യ എതിരാളിയായ എഡ്വിൻ മോസസ് എന്ന മയക്കുമരുന്ന് മാഫിയ തലവൻ സിനിമയിൽ ഏറിയ നേരവും ഒരു പേര് മാത്രമാണ്. ആരും അയാളെ കണ്ടിട്ടില്ലെങ്കിലും എല്ലാ കൊള്ളരുതായ്മയക്കും ചുക്കാൻ പിടിക്കുന്നത് അയാളാണ്. സിനിമയുടെ ഒടുവിൽ ഒട്ടേറെ നാടകീയ രംഗങ്ങൾക്ക് ശേഷം നായകൻ വില്ലനെ തിരിച്ചറിയും. അതുവരെ ചെറുതും വലുതുമായ ഒട്ടേറെ കടമ്പകൾ കടക്കാൻ സച്ചിദാനന്ദൻ പ്രേരിതനാകുന്നു.

മോഹൻലാൽ, അർബാസ് ഖാൻ, സിദ്ദിഖ്, അനൂപ് മേനോൻ, വിഷ്ണു ഉണ്ണിക്യഷ്ണൻ, ടിനി ടോം, ഇർഷാദ്, ദേവൻ, ജനാർദ്ധനൻ, ഹണി റോസ്, സർജാനോ ഖാലിദ് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്. കൂടെ നിരവധി യുവതാരങ്ങളും പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിട്ടുണ്ട്. പ്രമുഖ താരങ്ങളുണ്ടെങ്കിലും ചിത്രത്തിൽ എടുത്തുപറയത്തക്ക പ്രകടനമൊന്നും ഉണ്ടായില്ല എന്ന് പറയേണ്ടി വരും. പലയിടത്തും നാടകീയത നിഴലിച്ചു നിൽക്കുന്നു.
ദീപക് ദേവ് ഒരുക്കിയ ഗാനങ്ങൾ ശരാശരിയിലൊതുങ്ങിയപ്പോൾ ജിത്തു ദാമോദറിന്റെ ഛായാഗ്രണവും സുപ്രീം ശിവ-സ്റ്റണ്ട് സിൽവയും ചേർന്നൊരുക്കിയ സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ മികച്ച ഘടകങ്ങളാണ്.

രഹസ്യങ്ങൾ ഒളിപ്പിച്ച ഭൂതകാലമുള്ള നായകന്മാർക്ക് സിനിമയിൽ പഞ്ഞമില്ല. ചെറുപ്പത്തിന്റെ രക്തതിളപ്പിൽ കാട്ടിയ കൈപ്പിഴയ്ക്ക് അനുഭവിക്കേണ്ടി വന്ന ഒരു ഭുതകാലം മാത്രമല്ല സച്ചിദാനന്ദൻ എന്ന നായകകഥാപാത്രത്തിന് പറയാനുണ്ടായിരുന്നത്. അമാനുഷികമായ കഴിവുള്ള ഒരാളാണ് അയാൾ. യുക്തിക്കപ്പുറമായ ഇത്തരമൊരു വിഷയം പറഞ്ഞു ഫലിപ്പിക്കാൻ സംവിധായകൻ പാട് പെടുന്നുണ്ട്.

കഥയുടെ മദ്ധ്യഭാഗത്തോട് അടുക്കുമ്പോൾ വില്ലനെ വില്ലത്തരം കാണിച്ച് തന്നെ നേരിടാൻ ഇറങ്ങുന്ന മോഹൻലാൽ സിനിമയ്ക്ക് ഊർജം നൽകുന്നുണ്ട്. അതിന് ചുവട് പിടിച്ചാണ് രണ്ടാം പകുതിയിൽ ചിത്രം പുരോഗമിക്കുന്നത്. എഡ്വിൻ മോസസ് എന്ന് വില്ലൻ പിന്നണിയിൽ ഉള്ളപ്പോഴും സച്ചിദാനന്ദന് മുന്നണിയിൽ നേരിടാൻ നിരവധി പേരുണ്ട്. ഇവരിലാരാണ് മുഖ്യ വില്ലന്റെ മുഖപടം അണിയുന്നത് എന്ന് ക്ളൈമാക്സ് രംഗത്തിൽ മാത്രമാണ് സംവിധായകൻ വെളിപ്പെടുത്തുന്നത്. പ്രവചനാതീതം അല്ലെങ്കിലും ആ ചോദ്യം അവസാനം വരെ പ്രേക്ഷകന്റെ മനസിലുണ്ടാകും.
ദശാബ്ദത്തിലെ ആദ്യ മോഹൻലാൽ ചിത്രമായ ബിഗ് ബ്രദർ ആരാധകരെയും കുടുംബപ്രേക്ഷകർക്കും വേണ്ടിയുള്ള ചേരുവകൾ ചേർത്തൊരു ചിത്രമാണ്. മോഹൻലാലിന്റെ സംഘട്ടന രംഗങ്ങൾ ഇഷ്ടമുള്ളവർക്ക് കൈയടിക്കാൻ വകുപ്പുള്ള ചിത്രം കൂടിയാണിത്.
വാൽക്കഷണം: അമാനുഷികം
റേറ്റിംഗ്: 3/5