മുംബയ്: ആംബിവലിയിലെ ചേരിയിൽ താമസിക്കുന്ന 300 രൂപ മാത്രം ശമ്പളമുള്ളയാൾക്കുമേൽ 1.05 കോടി രൂപ നികുതിയായി ചുമത്തി ആദായ നികുതി വകുപ്പ്. നോട്ടുനിരോധന കാലത്ത് ഇയാൾ 58 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് നികുതി ചുമത്തപ്പെട്ടിരിക്കുന്നത്. എന്നാൽ തനിക്ക് ഇങ്ങനെയൊരു നിക്ഷേപം നടന്ന അക്കൗണ്ടിനെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് ഭൗസാഹേബ് അഹിറേ പറയുന്നത്.
ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇയാൾ പൊലീസിനെ സമീപിച്ചിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ചാകാം ഇങ്ങനെയൊരു അക്കൗണ്ട് തുറക്കപ്പെട്ടതെന്നും ഇയാൾ സംശയിക്കുന്നു. തന്റെ ഭാര്യാ പിതാവിനൊപ്പം ഒരു കുടിലിൽ കഴിയുന്ന അഹിറേയ്ക്ക്, 2016ൽ നോട്ടുനിരോധന സമയത്ത് ഈ തുക ബാങ്കിൽ നിക്ഷേപിച്ചു എന്ന് കാണിച്ചുകൊണ്ടുള്ള നോട്ടീസ് കഴിഞ്ഞ വർഷം സെപ്തംബറിലാണ് ലഭിച്ചത്. തുടർന്ന് ഇയാൾ ഐ.ടി ഓഫിസിനെയും ബാങ്കിനെയും ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് സമീപിച്ചിരുന്നു.
ഇയാളുടെ പാൻ കാർഡ് നമ്പർ വച്ചുകൊണ്ടാണ് അക്കൗണ്ട് ആരംഭിച്ചിരുന്നതെങ്കിലും അതിനായി നൽകിയിരിക്കുന്ന ഒപ്പുകളും ഫോട്ടോയും അഹിറേയുടേതല്ല. ജനുവരി ഏഴാം തീയതി ഇത് സംബന്ധിച്ചുള്ള രണ്ടാമത്തെ നോട്ടീസും ഇയാൾക്ക് ലഭിച്ചിരുന്നു. ഈ നോട്ടീസും കൂടിയായപ്പോഴാണ് അഹിറേ പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത്. ഇയാളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.