ലക്നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയതിന് ഉത്തർ പ്രദേശ് പൊലീസിന്റെ കൈയിൽ നിന്നും കൊടിയ പീഡനം നേരിട്ടതിനെ കുറിച്ച് മനസ് തുറന്ന് കവിയും, സാമൂഹിക പ്രവർത്തകയും നാടക പ്രവർത്തകയുമായ സദാഫ് ജാഫർ. ജയിലിൽ വച്ച് അതിക്രൂരമായാണ് പൊലീസുകാർ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്ന് പറഞ്ഞ സദാഫ് അവർ തന്നെ പാകിസ്ഥാനി എന്നാണ് സംബോധന ചെയ്തതെന്നും പറയുന്നു. ആ സമയത്ത് ഹിറ്റ്ലറുടെ നാസി ജർമനിയിൽ അകപ്പെട്ട ജൂതനെപോലെയാണ് തനിക്ക് തോന്നിയതെന്നും അവർ പറയുന്നു. 'ഔട്ട്ലുക്ക്' മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
'അവരെ എന്റെ പേര് ചോദിച്ച ശേഷം എന്നെ പാകിസ്ഥാനി എന്നാണ് വിളിച്ചത്. അവർ ഇക്കാര്യം പറഞ്ഞുകൊണ്ട് നിരന്തരം എന്നെ ഉപദ്രവിച്ചു. ഞാൻ ഭക്ഷണം കഴിക്കുന്നത് എവിടെയാണെങ്കിലും, എനിക്ക് കൂറ് എവിടെയാണെന്നും അവർ പറഞ്ഞു. മാത്രമല്ല 'നിങ്ങളുടെ കൂട്ടർ' എന്ന് നിരന്തരം പറയുകയും ചെയ്തു. ഇത് എനിക്ക് ചില്ലറ വിഷമമല്ല ഉണ്ടാക്കിയത്. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്.' സദാഫ് പറഞ്ഞു.
'ഐ.ജിയുടെ മുറിയിൽ കൊണ്ടുപോയ ശേഷം അവർ എന്റെ മുടിയിൽ പിടിച്ച് വലിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് ഐ.ജി എന്റെ വയറ്റിൽ തൊഴിച്ചു. ആർത്തവത്തെ തുടർന്ന് രക്തസ്രാവമുണ്ടായ എനിക്ക് സാനിട്ടറി പാഡുകൾ നൽകാനോ വെള്ളം നൽകാനോ പോലും അവർ തയാറായില്ല. പിന്നീടാണ് അയാൾ ഐ.ജി അല്ലെന്നും ഒരു സീനിയർ ഓഫീസർ മാത്രമെന്നും ഞാൻ മനസിലാക്കിയത്.' സദാഫ് പറയുന്നു.
ഡിസംബർ 19നാണ് ഉത്തർ പ്രദേശിലെ ലക്നൗവിലുള്ള പരിവർത്തൻ ചൗക്കിൽ വച്ച് പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്തതിന് സദാഫിനെയും മുൻ ഐ.പി.എസ് ഓഫീസർ എസ്.ആർ ധാരാപുരിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കും ഇവരുടെ കൂടെ അറസ്റ്റിലായ 13 പേർക്കും ജനുവരി 4നാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് കസ്റ്റഡിയിലായിരുന്ന സമയത്ത് ഇവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വാർത്തകൾ അന്നുതന്നെ പുറത്തുവന്നിരുന്നു. തങ്ങളെ ആക്രമിച്ച ആൾക്കൂട്ടത്തെയും പൊലീസ് തയാറായില്ലെന്നും ഇവർ പറഞ്ഞിരുന്നു.