മലയാളസിനിമ ഒന്നാകെ ഒരു ക്യാമറയ്‌ക്ക് അണിനിരന്നപ്പോൾ പിറന്ന ചിത്രമായിരുന്നു ട്വിന്റി 20. 2008ൽ പുറത്തിറങ്ങിയ ചിത്രം വമ്പൻ വിജയമാണ് ബോക്‌സോഫീസിൽ നേടിയത്. ഇന്നത്തെ യുവതാരനിരയെ ഒഴിച്ചാൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് വരെയുള്ള മലയാള സിനിമയിലെ അന്നത്തെ എല്ലാ താരങ്ങളും ഭാഗഭാക്കായിരുന്നു. ഇപ്പോഴിതാ 12 വർഷങ്ങൾക്ക് ശേഷം ട്വിന്റി 20യ്‌ക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണോ എന്ന തരത്തിലുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു. നടൻ ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ ഷെയർ ചെയ്‌ത ഒരു ഫോട്ടോയാണ് പ്രചരണങ്ങൾക്ക് ആക്കം കൂട്ടുന്നത്.
മമ്മൂട്ടിയുടെ സെൽഫിയിൽ മോഹൻലാലിനൊപ്പം അണിനിരന്ന താരങ്ങളായിരുന്നു ചിത്രത്തിൽ. ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബൻ,ജയസൂര്യ, ഉണ്ണി മുകുന്ദൻ, സിദ്ദിഖ് എന്നിവരാണ് മറ്റുള്ളവർ. 'സുഹൃത്തുക്കൾ നിങ്ങൾക്ക് ഭക്ഷണം വാങ്ങിത്തരും, ഏറ്റവും നല്ല സുഹൃത്തുക്കൾ നിങ്ങളുടെ ഭക്ഷണം കഴിക്കും' എന്ന കുറിപ്പോടെയാണ് ഉണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഇതാണ് ആരാധകരെ ആവേശത്തിലാക്കിയത്. എന്താണ് സംഭവമെന്ന് ചിലർ ചോദിക്കുമ്പോൾ? അടുത്ത ട്വിന്റി 20യ്‌ക്കുള്ള ഒരുക്കമാണോ എന്നാണ് മറ്റുചിലർക്ക് അറിയേണ്ടത്.