pinarayi-vijayan

തൃശൂർ: സി.പി.എമ്മിന് വേണ്ടി പോസ്റ്ററൊട്ടിക്കാനും വോട്ട് പിടിക്കാനും വേണ്ടി 'തെണ്ടി'നടന്നവരാണ് തങ്ങളെന്ന് മാവോയിസ്റ്റുകളെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയിലിൽ അടക്കപ്പെട്ട താഹ ഫസലും അലൻ ഷുഹൈബും. തങ്ങൾ മാവോയിസ്റ്റുകളാണെന്ന ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തെളിവ് കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു. തങ്ങൾ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എന്ന് ബോംബ് വെച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി തെളിയിക്കണമെന്നും ഇവർ പറയുന്നു.

എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ വേളയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താഹയും അലനും. മാവോയിസ്റ്റുകൾ വിതരണം ചെയ്ത ലഘുലേഖകൾ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തതിനെ തുടർന്നാണ് യു.എ.പി.എ ചുമത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. നിലവിൽ എൻ.ഐ.എ കോടതി ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്. എൻ.ഐ.എ കേസ് ഏറ്റെടുത്ത ശേഷമായിരുന്നു ഈ നടപടി. ഇപ്പോൾ തൃശൂരിലെ അതീവ സുരക്ഷാ ജയിലിലാണ് അലനും താഹയും.