മരടിലെ ഫ്ളാറ്റുകൾ നിർമ്മിച്ചിരുന്നത് കല്ലും കമ്പിയും സിമന്റും കൊണ്ടാണെങ്കിലും പിന്നീട് അവിടെ താമസിക്കാൻ വന്നവർ അവരുടെ ഭവനങ്ങളാക്കി മാറ്റിയത് അവർ കൂട്ടിവച്ച കുറെ സ്വപ്നങ്ങൾ കൊണ്ടായിരുന്നു. ജീവിതത്തിലെ മുഴുവൻ സമ്പാദ്യവുമാണ് ഓരോരുത്തർക്കും അവരുടെ വീട്. കടം വാങ്ങിയും മിച്ചംപിടിച്ചും വച്ച സമ്പാദ്യമാണ് അവ ഓരോന്നും. സന്തോഷം പങ്കിടാനും, ദു:ഖം വരുമ്പോൾ പരസ്പരം ആശ്വസിപ്പിക്കാനും സ്നേഹത്തോടെ പരസ്പരം കെട്ടിപിടിക്കാനും ജനനത്തിന്റെ പ്രതീക്ഷകളും മരണത്തിന്റെ ശ്മശാനമൂകതയും ഇണക്കങ്ങളും പിണക്കങ്ങളും പരിദേവനങ്ങൾക്കും എല്ലാം സാക്ഷിയാവുന്ന ഭവനം ഓരോരുത്തർക്കും സ്വർഗമാണ്. ഓരോരുത്തർക്കും കരുതലും സുരക്ഷയുമാണ് വീട്. വീട് സ്വന്തമാക്കാൻ എത്രയോ വിയർപ്പും അദ്ധ്വാനവുമാണ് ചെലവഴിക്കേണ്ടി വരുന്നത്. ഒരു സുപ്രഭാതത്തിൽ വീട്ടിൽ നിന്നിറങ്ങേണ്ടി വരുമ്പോൾ, മനസിലെ സ്വർഗം കോൺക്രീറ്റ് കൂനയായി മാറുന്നത് കാണുമ്പോൾ അവരിലുണ്ടാകുന്ന അസഹനീയമായ വേദനയും ആത്മസംഘർഷവും ആശങ്കയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും എല്ലാം പരിഗണിക്കപ്പെടേണ്ടതു കൂടിയാണ്. ഭരണഘടന അനുശാസിക്കുന്ന നിയമത്തിന് ആരും അതീതരല്ല. അനിവാര്യമായ നടപടി തന്നെയാണ് ഇതെന്ന കാര്യത്തിലും തർക്കത്തിന് അവകാശമില്ല. അപ്പോഴും കുറ്റം ചെയ്തവർക്ക് തന്നെയാണോ ശിക്ഷ കിട്ടിയതെന്ന ചോദ്യവും ഇതേപോലെ തെറ്റു ചെയ്തവർക്കെല്ലാം ശിക്ഷ കിട്ടിയോ എന്നതും പുറത്തു വരേണ്ടേ? വാദികൾക്കുള്ളതുപോലെ തന്നെ നിയമത്തിന്റെ പരിരക്ഷ മറ്റുള്ളവർക്കുമില്ലേ?
മരടിലെ ആൽഫസെറിൻ, ഹോളിഫെയ്ത്ത്, കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകൾ നിർമ്മിക്കാൻ അനുവാദം നൽകിയത് സർക്കാർ. അത് പൊളിക്കാൻ ഉത്തരവിട്ടതും സർക്കാർ. ഇതിൽ തന്നെയില്ലേ ചില പൊരുത്തക്കേടുകൾ. അതോ അനുവാദം നൽകുമ്പോൾ ഇല്ലാതിരുന്ന ചട്ടങ്ങളും നിയമങ്ങളും പിന്നീട് ഉണ്ടായോ? അല്ലെങ്കിൽ ഈ നാലെണ്ണം മാത്രമാണോ നിയമം ലംഘിച്ച് നിർമ്മിച്ചിട്ടുള്ളത്. അതോ ഇതിലും ചില മാനദണ്ഡങ്ങൾ നിഷ്കർഷിച്ചിട്ടുണ്ടോ. നിയമലംഘനങ്ങൾ ഒന്നുംതന്നെ വികാരത്തിന്റെ സ്വാധീനത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതല്ലാ എന്ന സത്യത്തെ മുറുകെ പിടിച്ചുകൊണ്ട് തന്നെ പറയട്ടെ നിയമങ്ങളും ചട്ടങ്ങളും എല്ലാവർക്കും വേണ്ടിയാവണം. ഇനിയും നിർമ്മാണരംഗത്ത് നടന്നിട്ടുള്ള നിയമലംഘനങ്ങൾ ഒന്നും തന്നെ നീതിപീഠത്തിന് മുന്നിൽ എത്താത്തതുകൊണ്ടോ, അഥവാ എത്തിയതു തന്നെ പിന്നീട് അട്ടിമറിക്കപ്പെടുകയോ ചെയ്തതു കൊണ്ടാ ആവാം വിവേചനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. അതിനർത്ഥം നിയമലംഘനങ്ങൾക്ക് സർക്കാർ മുദ്ര പതിക്കുമ്പോൾ അതിനെ എതിർക്കാൻ പ്രാപ്തിയും കഴിവും പണവും ഉണ്ടെങ്കിൽ സുപ്രീം കോടതി വരെ പോയി നിയമലംഘനത്തെ എതിർത്തു തോൽപ്പിക്കാം. അല്ലാത്ത നിയമലംഘനങ്ങൾക്ക് പരാതിയില്ലാ എന്ന പരിരക്ഷയിൽ നിലനിൽക്കാം. ഒടുവിൽ ഫ്ളാറ്റുകൾ പൊളിച്ചതിന്റെ ചെലവും പാവപ്പെട്ട നികുതിദായകർ നൽകണം.
ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും അവയുടെ ആവാസവ്യവസ്ഥയനുസരിച്ച് ജീവിക്കുന്നതിനുള്ള അവസരവും വിഭവങ്ങളും കരുതലും സുരക്ഷയുമാണ് പ്രകൃതി നൽകിയിരിക്കുന്ന അലംഘനീയമായ നിയമം. ആ നിയമത്തിൽ നിന്നും വ്യതിചലിച്ചിട്ടുള്ളത് മനുഷ്യൻ മാത്രമാണ്. അതുകൊണ്ടാണ് പാരിസ്ഥിതിക സംരക്ഷണത്തിന് വേണ്ടി പ്രത്യേക നിയമങ്ങൾ കൊണ്ടുവരേണ്ടി വന്നത്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ തന്നെ നൽകണം. എന്നാൽ അത് ഒരു പ്രദേശത്തെ കുറച്ച് പേർക്ക് മാത്രമാകുമ്പോൾ വിവേചനം ഉണ്ടാകുന്നു. അപ്പോൾ വീണ്ടും നിയമ ലംഘനത്തിന് പ്രചോദനം ഉണ്ടാകുന്നു. തെറ്റു ചെയ്യുന്നതു പോലെ തന്നെയാണ് കൂട്ടുനിൽക്കുന്നതും, ഒളിച്ചു വയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. ഇതാണ് ഇവിടെ നടക്കുന്നത്. ഇതിൽ നീതിപീഠത്തിനും നിയമപാലകർക്കും, നിയമസഭയും ഫോർത്ത് എസ്റ്റേറ്റ് എന്നു വിശേഷിപ്പിക്കുന്ന മാദ്ധ്യമങ്ങൾക്കുമില്ലേ ഉത്തരവാദിത്വം. സമാനമായ രീതിയിൽ നിയമലംഘനം നടത്തിയിട്ടുള്ള നിർമ്മാണങ്ങളുടെ ലിസ്റ്റ് കോടതിക്ക് ആവശ്യപ്പെടാവുന്നതാണ്. അതേപോലെ തന്നെ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ലഭിക്കും. അത് നിയമസഭയിൽ അവതരിപ്പിക്കും. ഒപ്പം തന്നെ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തിന്റെ ഭാഗമായി ഈ നിയമലംഘനങ്ങളെ തുറന്നുകാട്ടി നിയമനടപടികൾക്ക് പ്രേരിപ്പിക്കുവാൻ പത്ര/ദൃശ്യ മാദ്ധ്യമങ്ങൾക്കും കഴിയും. ഇത്രയുമൊക്കെ ഉണ്ടായിട്ടും നിയമലംഘനം നടന്നു കൊണ്ടേയിരിക്കുന്നു. ഇപ്പോൾ സംഭവിച്ച ഈ കൃത്യതയോടെ ലക്ഷ്യബോധത്തോടെ, അപകടരഹിതമായി നടത്തിയ ശിക്ഷാവിധിക്ക് മേൽപ്പറഞ്ഞ സംവിധാനങ്ങളുടെയൊന്നും നിശ്ചയദാർഢ്യമല്ല, മറിച്ച് ഇനിയും മരിക്കാത്ത ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം അതിനല്ലേ ബിഗ് സല്യൂട്ട് നൽകേണ്ടത്. അല്ലാതെ നിയമലംഘനം നടത്താൻ കൂട്ടുനിന്നിട്ട് അത് അവർ തന്നെ പൊളിക്കേണ്ടി വന്നപ്പോൾ ശീതികരിച്ച മുറിയിലും കാറിലുമിരുന്ന് കൺട്രോൾ യൂണിറ്റ് നിയന്ത്രിച്ചവരെ, അവരുടെ കഴിവുകളെ മാത്രം പ്രകീർത്തിച്ചാൽ മതിയോ?. സുപ്രീം കോടതിയിൽ നിന്ന് ഉത്തരവ് പലവട്ടം വന്നിട്ടല്ലേ ഭരണകൂടം അനങ്ങിയത്. അങ്ങനെയല്ല നിയമം എല്ലാവർക്കും എല്ലായിടത്തും ഒരു പോലെയാവണം. അതാണ് ജനാധിപത്യം. അല്ലാത്തത് പണാധിപത്യമാണ്.
എന്തായാലും സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമങ്ങളെ ചവിട്ടിമെതിച്ച് റിയൽ എസ്റ്റേറ്റ് /ഉദ്യോഗസ്ഥ/രാഷ്ട്രീയ പിൻബലത്തോടെ, സർക്കാർ പിന്തുണയോടെ, നടത്തിയ നിയമലംഘനത്തിനുള്ള കനത്തശിക്ഷ തന്നെയാണ് ഇത്. അതിനുവേണ്ടി നടത്തിയ കൃത്യതയായ ഓപ്പറേഷനെയും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും അഭിനന്ദിക്കുന്നു. ഒപ്പം 325 ഫ്ളാറ്റിൽ താമസിച്ച കൂടൊഴിഞ്ഞ മനുഷ്യരുടെ ദൈന്യതയാർന്ന മുഖം, തെറ്റുചെയ്യാതെ ശിക്ഷയനുഭവിക്കുന്നവരുടെ നെടുവീർപ്പുകൾ, നിശ്വാസങ്ങൾ തേങ്ങലുകൾ, എപ്പോഴും നമ്മെ വേട്ടയാടും. അതിന് പരിഹാരം ഉണ്ടാവണം, ഉണ്ടാക്കുക തന്നെ വേണം