un

പാകിസ്ഥാനെ പിന്തുണച്ച ചൈനയെ അപലപിച്ച് ഇന്ത്യ

ന്യൂയോർക്ക്: യു.എൻ രക്ഷാസമിതിയിൽ വീണ്ടും കാശ്മീർ വിഷയം ഉന്നയിച്ച ചൈന - പാകിസ്ഥാൻ കൂട്ടുകെട്ടിന് വീണ്ടും തിരിച്ചടി. വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തു.

ഭീകരരെ സംരക്ഷിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് പാകിസ്ഥാന്റെ നീക്കമെന്ന് രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് അക്ബറുദ്ദീൻ പറഞ്ഞു.

'പാകിസ്ഥാൻ ഭയാനകമായി ചിത്രീകരിച്ച സാഹചര്യങ്ങളോ അടിസ്ഥാനരഹിതമായ ആരോപണങ്ങളോ വിശ്വാസയോഗ്യമായി യു.എൻ കണ്ടില്ല. ഇന്ത്യയും പാകിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണ് ഈ വിഷയമെന്ന് അംഗരാജ്യങ്ങൾ അംഗീകരിച്ചു "- അക്ബറുദ്ദീൻ പറഞ്ഞു.
ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം മൂന്നാം തവണയാണ് പാകിസ്ഥാൻ വിഷയം യു.എന്നിൽ ഉന്നയിക്കുന്നത്.

വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് മാറ്റില്ലെന്ന് ഫ്രഞ്ച് പ്രതിനിധി പറഞ്ഞു. കാശ്‌മീർ ചർച്ച ചെയ്യണ്ട വേദി യു.എൻ അല്ലെന്ന നിലപാടാണ് മറ്റ് രാജ്യങ്ങളുടെ പ്രതിനിധികളും സ്വകീരിച്ചത്.

കാശ്‌മീർ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രക്ഷാസമിതിക്ക് കത്തയച്ചതിനാലാണ് യോഗം വിളിക്കാൻ അഭ്യർത്ഥിച്ചതെന്ന് ചൈനയുടെ പ്രതിനിധി പറഞ്ഞു.

ഇന്ന് ഇന്ത്യയുടെ പതാക അഭിമാനത്തോടെ ഐക്യരാഷ്ട്രസഭയിൽ ഉയർന്നുപാറി. നുണപ്രചാരണത്തിന് ശ്രമിച്ചവർക്ക് മറക്കാനാവാത്ത മറുപടി നമ്മുടെ സുഹൃത്തുക്കൾ നൽകിയിട്ടുണ്ട്.

-സയ്യദ് അക്ബറുദ്ദീന്റെ ട്വീറ്റ്

ദുരുപയോഗം, അപലപനീയം

ചൈനയിലൂടെ കാശ്മീ‌ർ വിഷയം ഉന്നയിച്ച പാക് നടപടി രക്ഷാസമിതിയുടെ ദുരുപയോഗമാണെന്നും ചൈനയെ അപലപിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.
'പാകിസ്ഥാനുമായി ചേർന്നുള്ള ചൈനയുടെ പ്രവൃത്തി ആഗോള നാണക്കേടായിരിക്കയാണ്. ഭൂരിപക്ഷ അഭിപ്രായം ഉൾക്കൊള്ളാനും ഭാവിയിൽ ഇത്തരം നടപടികൾക്ക് മുതിരാതിരിക്കാനുമുള്ള ജാഗ്രത ചൈനയ്ക്കുണ്ടാകണം. ഇതോടെ കാശ്മീർ പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെയേ പരിഹരിക്കാനാകൂ എന്ന് പാകിസ്ഥാന് മനസിലായിട്ടുണ്ടാകും.' - വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

ചൈനയ്ക്ക് പുറമെ, രക്ഷാസമിതി സ്ഥിരാംഗങ്ങളായ ഫ്രാൻസ്, റഷ്യ, യു.എസ്, യു.കെ എന്നിവരും ചർച്ചയിൽ പങ്കെടുത്തതായാണ് വിവരം.