മലപ്പുറം: പയ്യനാടിൽ സഹോദരീപുത്രിയെ പീഡനത്തിനിരയാക്കിയ അറുപതുകാരനെ കുത്തികൊലപ്പെടുത്തി പെൺകുട്ടിയുടെ അമ്മാവൻ. പള്ളിക്കണ്ടി സൈതലവി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2016ലാണ് സൈതലവി ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
ഒരു വർഷത്തോളം ജയിലിൽ കഴിയുകയായിരുന്ന സൈതലവി ഏതാനും മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടാകുന്നത്. വീടിനടുത്തുള്ള കവുങ്ങിൻതോട്ടത്തിൽ വച്ചാണ് പെൺകുട്ടിയുടേ അമ്മാവൻ സൈതലവിയെ കത്തികൊണ്ട് പലതവണ കുത്തി കൊല ചെയ്തത്. രാവിലെ മുതൽ സൈതലവിയെ കാണാതായിരുന്നു.
ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മുപ്പത്തഞ്ചുകാരനായ പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. സഹോദരീപുത്രിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇയാൾ പൊലീസിനോട്സമ്മതിച്ചു. സൈതലവിയുടെ മൃതദേഹം പരിശോധനയ്ക്ക്ശേഷം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.