ന്യൂഡൽഹി: ടെലികോം കമ്പനികൾ അഡ്‌ജസ്‌റ്രഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) ഫീസ് കുടിശികയായി കേന്ദ്ര സർക്കാരിന് 1.02 ലക്ഷം കോടി രൂപ ഉടൻ വീട്ടണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നിവ സമർപ്പിച്ച ഹർജി തള്ളിയ ജസ്‌റ്റിസുമാരായ അരുൺ മിശ്ര, എസ്.എ. അബ്‌ദുൾ നസീർ, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച്, കുടിശിക ജനുവരി 23നകം വീട്ടണമെന്നും നിർദേശിച്ചു.
എ.ജി.ആർ കുടിശിക വീട്ടണമെന്ന ടെലികോം മന്ത്രാലയത്തിന്റെ ആവശ്യത്തിനെതിരെ കമ്പനികൾ സമർപ്പിച്ച ഹർജി ഒക്‌ടോബർ 24ന് ഇതേ ബെഞ്ച് തള്ളിയിരുന്നു. അന്ന്, കമ്പനികൾ കുടിശിക വീട്ടാൻ സാവകാശം തേടിയിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച്, കമ്പനികൾക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാകും. കേന്ദ്രസർക്കാരും ടെലികോം-ടെലികോം ഇതര കമ്പനികളും എ.ജി.ആർ സംബന്ധിച്ച് കഴിഞ്ഞ 14 വർഷമായി നിയമയുദ്ധത്തിലാണ്. 15 ടെലികോം കമ്പനികളിൽ നിന്നായി 1.47 ലക്ഷം കോടി രൂപയാണ് ഈയിനത്തിൽ കേന്ദ്രസർക്കാരിന് കിട്ടാനുള്ള മൊത്തം കുടിശിക.
റിവ്യൂ ഹർജി തള്ളിയത് നിരാശാജനകമാണെന്ന് എയർടെൽ പ്രതികരിച്ചു. വരുമാനത്തകർച്ച നേരിടുന്ന ടെലികോം മേഖലയ്ക്ക് വിധി കൂടുതൽ തിരിച്ചടിയാകും. 5ജി സ്‌പെക്‌ട്രം ഉൾപ്പെടെയുള്ള പുത്തൻ നിക്ഷേപങ്ങൾക്കും വിധി തിരിച്ചടിയാകും.
₹1.02 ലക്ഷം കോടി
എ.ജി.ആർ ഇനത്തിൽ മുൻനിര ടെലികോം കമ്പനികളുടെ മാത്രം ബാദ്ധ്യതയാണ് 1.02 ലക്ഷം കോടി രൂപ. വൊഡാഫോൺ ഐഡിയ: ₹50,039 കോടി. എയർടെൽ: ₹35,586 കോടി. ടാറ്ര: ₹13,823 കോടി.
എ.ജി.ആർ ഫീസ്
ടെലികോം സേവനങ്ങൾക്ക് പുറമേ വാടക, ലാഭവിഹിതം തുടങ്ങിയ ടെലികോം ഇതര സേവനങ്ങളും ഉൾപ്പെടുത്തി എ.ജി.ആർ ഇനത്തിൽ ഫീസ് അടയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.
കിട്ടുമോ സാവകാശം?
ടെലികോം കമ്പനികൾക്ക് എ.ജി.ആർ കുടിശിക വീട്ടാൻ രണ്ടുവർഷത്തെ സാവകാശം കേന്ദ്രം നൽകിയേക്കുമെന്ന് സൂചനയുണ്ട്. സാവകാശമില്ലെങ്കിൽ പ്രവർത്തനം നിറുത്തുമെന്ന് വൊഡാഫോൺ ഐഡിയ പ്രമോട്ടർമാരായ ആദിത്യ ബിർള ഗ്രൂപ്പിന്റെ മേധാവി കുമാർ മംഗളം ബിർള വ്യക്തമാക്കിയിരുന്നു. വൊഡാഫോൺ ഇന്ത്യയിൽ നിക്ഷേപിക്കുന്നതും അവസാനിപ്പിച്ചിട്ടുണ്ട്.
റെക്കാഡ് നഷ്‌ടം
എ.ജി.ആർ കുടിശിക വീട്ടാൻ വരുമാനത്തിൽ നിന്ന് വൻതുക നീക്കിവയ്ക്കേണ്ടി വന്നതോടെ, കഴിഞ്ഞ ജൂലായ്-സെപ്‌തംബർ പാദത്തിൽ ടെലികോം കമ്പനികൾ റെക്കാഡ് നഷ്‌ടമാണ് കുറിച്ചത്. നഷ്‌ടം ഇങ്ങനെ:
വൊഡാ-ഐഡിയ: ₹50,922 കോടി
ഭാരതി എയർടെൽ: ₹23,045 കോടി