മുംബയ്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 'അധോലോക കുറ്റവാളി കരിം ലാലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന' വിവാദ പരാമർശം ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പിൻവലിച്ചു. കോൺഗ്രസുകാരായ സുഹൃത്തുക്കൾക്ക് വിഷമമുണ്ടായതിനാലാണ് പരാമർശം പിൻവലിക്കുന്നതെന്ന് റാവത്ത് വ്യക്തമാക്കി.
ഒരു അഭിമുഖത്തിലായിരുന്നു സഞ്ജയ് റാവത്തിന്റെ വിവാദ പരാമർശം.
1960-70 കാലഘട്ടത്തിൽ മുംബയിലെ സർക്കാർ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹീമും ഛോട്ടാ ഷക്കീലും ശരദ് ഷെട്ടിയുമൊക്കെയായിരുന്നു. ഹാജി മസ്താൻ സെക്രട്ടേറിയറ്റിൽ എത്തുമ്പോൾ അവിടെയുള്ള എല്ലാവരും കാണാൻ എത്തിയിരുന്നു. ഇന്ദിരാഗാന്ധി സൗത്ത് മുംബയിലെത്തിയാണ് കരിം ലാലയെ കണ്ടിരുന്നത്.'
പ്രസ്താവനയ്ക്കെതിരെ നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
തന്റെ പരാമർശം ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായ്ക്ക് മങ്ങലേൽപ്പിക്കുകയോ ആരുടെയെങ്കിലും വികാരം വൃണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് പിൻവലിക്കുകയാണെന്ന് റാവത്ത് പറഞ്ഞു.
രണ്ട് പതിറ്റാണ്ടോളം മുംബയിൽ കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവുമൊക്കെ നടത്തിയിരുന്ന കരിം ലാല 2002 ലാണ് മരിച്ചത്.
ഇന്ദിരാഗാന്ധി രാജ്യ സുരക്ഷയിൽ ഒരുകാലത്തും വിട്ടുവീഴ്ച ചെയ്തിരുന്നില്ല. മുൻ പ്രധാനമന്ത്രിമാരെപ്പറ്റി ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് നേതാക്കൾ വിട്ടുനിൽക്കണം.
-മിലിന്ദ് ദേവ്‌റ, കോൺഗ്രസ് നേതാവ്