samina-beebi

മുസാഫറാബാദ്: ശ്വാസം പോലും തണുത്ത് മരവിക്കുന്ന കൊടും തണുപ്പിൽ മരണത്തെ മുഖാമുഖം നോക്കിയിരുന്നത് 18 മണിക്കൂർ. തണുത്ത് വിറച്ച് മരിച്ചെന്നുറപ്പിച്ച നിമിഷം അവളെത്തേടി രക്ഷാകരങ്ങളെത്തി. 18 മണിക്കൂർ മഞ്ഞിനടിയിൽ കുടുങ്ങിയ 12കാരി സമിന ബീബിക്ക് പുതുജീവൻ!. അത്ഭുതമാണ് ഈ രക്ഷപെടലെന്ന് രക്ഷാപ്രവർത്തകർ.

പാക് അധിനിവേശ കാശ്മീരിലെ നീലംവാലിയിൽ തിങ്കളാഴ്ച കുടുംബവുമൊത്ത് തീ കായുന്നതിനിടെയാണ് സമീനയുടെ വീടിന് മുകളിലേക്ക് മഞ്ഞ് ഇടിഞ്ഞ് വീണത്. കണ്ണുചിമ്മി തുറക്കും മുമ്പ് സമീനയും കുടുംബാംഗങ്ങളുമെല്ലാം മഞ്ഞിനടിയിലായി.

'ഞാൻ കരുതിയത് മരിച്ചുവെന്നാണ്. മഞ്ഞിനടിയിൽ കുടുങ്ങിയ എന്റെ കാലിലേക്ക് മേൽക്കൂരയുടെ പാളി വന്നു വീണു. സഹായത്തിനായി ഉറക്കെ നിലവിളിച്ചു. രക്ഷിക്കാൻ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിൽ ഉറങ്ങാതെ കഴിച്ചുകൂട്ടി'.

ഒരു ദിവസത്തെ തിരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തകർ സമീനയെ കണ്ടെത്തി. കാലൊടിഞ്ഞ് വായിൽ നിന്ന് രക്തം ഒഴുകി അവശ നിലയിലായിരുന്നു അവൾ.

സാമിനയെ കൂടാതെ, അവളുടെ അമ്മ ഷഹനാസിനെയും രക്ഷിക്കാനായി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. മുസാഫറബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ് സാമിന.

കഴിഞ്ഞ ദിവസങ്ങളിൽ നീലം താഴ്വരയിലുണ്ടായ ഹിമപാതത്തിൽ ഏകദേശം 100ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. കാലവസ്ഥാ വ്യതിയാനം രൂക്ഷമാകാറുണ്ടെങ്കിലും അടുത്ത കാലത്ത് നേരിട്ടതിൽ വച്ച് ഏറ്റവും ഭീകരമാണ് താഴ്‍വരയിലെ സാഹചര്യം.