davinder-singh

ശ്രീനഗർ: രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്കൊപ്പം അറസ്റ്റിലായ ജമ്മു കാശ്‌മീർ ഡി.എസ്.പി ദവീന്ദർ സിംഗിന് 2001ലെ പാർലമെന്റ് ആക്രമണത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജമ്മു കാശ്‌മീർ പൊലീസ് അറിയിച്ചു. കേസ് എൻ.ഐ.എക്ക് കൈമാറി.

'ഇയാൾക്കെതിരെയുള്ള അന്വേഷണത്തിൽ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വെളിച്ചത്തുവന്നാൽ അത് പരിശോധിക്കും. ഒറ്റുകാരെ എവിടെ നിന്നും കണ്ടെത്താമെന്ന് ഗവർണർ പറഞ്ഞിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരെയും വെറുതെവിടില്ല'– ജമ്മു കാശ്‌മീർ പൊലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞു.

ദവീന്ദറിന് നൽകിയ ധീരതയ്ക്കുള്ള പുരസ്‌കാരം 'ഷേർ - ഇ - കാശ്‌മീർ' മെഡൽ പിൻവലിച്ച് ലഫ്‌റ്റനന്റ് ഗവർണർ ഉത്തരവിറക്കി. ഇയാളെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കാശ്‌മീർ പൊലീസ്, ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണിത്. ഡി.എസ്.പി റാങ്കിലുള്ള ദവീന്ദർ സിംഗിന്റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികൾ മരവിപ്പിച്ചതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

ദവീന്ദറിന്റെ വീട്ടിലെ പരിശോധനയിൽ ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന്റെ രൂപരേഖ ലഭിച്ചതായി വിവരമുണ്ട്. കരസേനയുടെ 15 കോർ ആസ്ഥാനത്തിന്റെ മുഴുവൻ വിവരങ്ങളും അടങ്ങുന്ന ഫുൾ ലൊക്കേഷൻ മാപ്പാണ് കണ്ടെത്തിയത്. കണക്കിൽപ്പെടാത്ത 75 ലക്ഷം രൂപയും കണ്ടെത്തി. ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന് അടുത്തായി 2017 മുതൽ ദവീന്ദർ സിംഗ് വീട് പണിയുകയാണ്. 15 കോർ ഹെഡ്ക്വാർട്ടേഴ്സിന്റെ ഒരു മതിൽ പങ്കുവയ്ക്കുന്ന രീതിയിലാണ് നിർമ്മാണം. നേരത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒരു എ.കെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെത്തിയിരുന്നു.