imran-khan-

ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ ഡൽഹിയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിലേക്ക് കേന്ദ്രസർക്കാർ ക്ഷണിച്ചേക്കും.. ഈ വർഷം അവസാനം നടക്കുന്ന ഉച്ചകോടിയിലേക്ക് ആകെയുള്ള എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. പുൽവാമയ്ക്കു ശേഷം യുദ്ധപ്രതീതിസൃഷ്ടിച്ച സംഘർഷം, ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, പൗരത്വ നിയമഭേദഗതിയെത്തുടർന്നുള്ള സംഘർഷം തുടങ്ങിയ സാഹചര്യങ്ങൾ നിലനിൽക്കെയാണ് ഇമ്രാൻ ഖാനെ ക്ഷണിക്കുമെന്ന പ്രഖ്യാപനം.

ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തിക-സുരക്ഷാ കൂട്ടായ്മയാണ് എസ്.സി.ഒ. 2017-ലാണ് ഇന്ത്യയേയും പാകിസ്ഥാനേയും ഈ കൂട്ടായ്മയിൽ ഉള്‍പ്പെടുത്തിയത്. ചൈന, ഇന്ത്യ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാകിസ്ഥാൻ, താജികിസ്ഥാൻ, ഉസ്‌ബെകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഇതിലെ സ്ഥിരാംഗങ്ങള്‍. അഫ്ഗാനിസ്ഥാൻ, ഇറാൻ, മംഗോളിയ, ബെലാറസ് എന്നിവർ നിരീക്ഷക രാജ്യങ്ങളുമാണ്. ഇമ്രാൻ ഖാൻ ക്ഷണം സ്വീകരിച്ചാൽ ചൈനീസ് പ്രസിഡന്റും പാക് പ്രധാനമന്ത്രിയും ഒന്നിച്ച് ഇന്ത്യയിലുണ്ടാകും. കാശ്മീർ വിഷയം വീണ്ടും ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ചർച്ചയാക്കാനുള്ള പാകിസ്ഥാന്റെയും ചൈനയുടെയും നീക്കം പാളിയതിനു പിന്നാലെയാണ് ഇന്ത്യയുടെ പുതിയ തീരുമാനം പുറത്തുവരുന്നത്.