വിജയവാഡ: തെലുങ്ക് സൂപ്പർ താരം പവൻ കല്ല്യാണിന്റെ ജനസേന പാർട്ടി (ജെ.എസ്.പി) ബിജെ.പിയിലേക്ക് തിരിച്ചെത്തുന്നു. 2019ലാണ് ബി.ജെ.പിയെ വിട്ട് ഇടതുപാർട്ടികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ ജെ.എസ്.പി ഒരു സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ജനസേന പാർട്ടി ബി.ജെ.പിയേക്ക് തിരിച്ചെത്തുന്നത്.
വിജയവാഡയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പവൻ കല്ല്യാണും ബി.ജെ.പി തലവൻ കണ്ണ ലക്ഷ്മി നാരായണയുമാണ് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാല് മണിക്കൂറിലേറെ നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് പുതിയ തീരുമാനത്തിലെത്തിയത്. 2014ലാണ് ജെ.എസ്.പി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്. എന്നാൽ അന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. 2019ൽ ബി.ജെ.പിയെ വിട്ട് ഇടതുപാർട്ടികളിലേക്ക് ചേക്കേറുകയായിരുന്നു. അതേസമയം പുതിയ സഖ്യം സംസ്ഥാനത്ത് ബി.ജെ.പിക്ക് കരുത്താകുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നതത്.
ബി.ജെപി.യുമായി ഉണ്ടായിരുന്ന എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെയും സംസ്ഥാനത്തെയും നയിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും പവൻ കല്ല്യാൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുമായി ഒരുമിച്ച് മത്സരിക്കും. ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് പൗരത്വ നിയമ ഭേദഗതിയുടെ ലക്ഷ്യമെന്നും രാജ്യത്തെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും പവൻ കല്ല്യാണ്‍ പറഞ്ഞു.