ന്യൂഡൽഹി: കേരളാ ടൂറിസം പേജിൽ ബീഫിന്റെ ചിത്രം പങ്കുവച്ചത് വിവാദമാകുന്നു. ബീഫ് ഉലർത്തിയതിന്റെ പാചകക്കൂട്ട് പരിചയപ്പെടുത്തുന്ന ട്വീറ്റാണ് പങ്കുവച്ചത്. ഇതിനെതിരെ ശക്തമായി വിമർശനമാണ് ഉയരുന്നത്. ഇത്തരം പോസ്റ്റുകൾ ഗോഭക്തരെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത് രംഗത്തെത്തി. ബീഫിനെയാണോ ടൂറിസത്തെയാണോ കേരളം പ്രോത്സാഹിപ്പിക്കുന്നതെന്നും വി.എച്ച്.പി ചോദിച്ചു.
സുഗന്ധവ്യജ്ഞനങ്ങളുടെ നാട്ടിൽ നിന്നുള്ള വിശിഷ്‌ടമായ വിഭവം എന്ന് കുറിച്ചാണ് കേരള ടൂറിസം ബീഫ് ഉലർത്തിയതിന്റെ പാചക്കൂട്ട് ട്വീറ്റ് ചെയ്തത്. ഇതിനെതിരെ നിരവധി കമന്റുകളാണ് വരുന്നത്. 'ഇത് ടൂറിസത്തെയാണോ ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നത്. കോടിക്കണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതല്ലേ ഇത്. ശങ്കരാചാര്യരുടെ പുണ്യഭൂമിയിൽ നിന്നാണോ ഇത്തരമൊരു ട്വീറ്റ് വന്നത്'-വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയേയും, ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും വിനോദ് ബൻസാൽ ടാഗ് ചെയ്ത് കേരള ടൂറിസം വകുപ്പിനെ 'ഉപദേശിക്കണ'മെന്നും അദ്ദേഹം പറഞ്ഞു.
Is this tweet meant for promoting tourism or promoting Beef?
— विनोद बंसल (@vinod_bansal) January 16, 2020
Isn't it hearting sentiments of crores of cow worshipers?
Is this tweet generated from the pious land of Shankaracharya?@KeralaGovernor @CMOKerala @kadakampalli to please advise @KeralaTourism .... https://t.co/1lXplZjnA3
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ബീഫ് നിരോധിക്കുക, ഇനി കേരളം സന്ദർശിക്കില്ല, പന്നിയിറച്ചി കൂടെ പ്രചരിപ്പിക്കുക എന്നിങ്ങനെയുള്ള കമന്റുകളാണ് പേജിൽ നിറയുന്നത്. കേരളത്തിന് പുറത്ത് നിന്നുള്ളവരാണ് വിമർശന കമന്റുകളുമായി രംഗത്തെത്തുന്നത്. ഇതിന് മറുപടിയുമായി മലയാളികളും രംഗത്തെത്തിയിട്ടുണ്ട്. പൊറോട്ട ബീഫ് കോമ്പിനേഷൻ വിവരിച്ചാണ് ഇവർ വിമർശനങ്ങൾക്ക് മറുപടി നൽകുന്നത്.