തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും തലസ്ഥാനത്തെ യുവജന കൂട്ടായ്മകളുടെ നേതൃത്വത്തിൽ രോഹിത് വെമുല ദിനമായ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ 'ആക്ട് എഗയിൻസ്റ്റ് ദി ആക്ട് ' പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. തലസ്ഥാനത്തെ വിവിധ സാമൂഹ്യ സംഘടനകളുടെ കൂട്ടയ്മയായ കാപിറ്റൽ യൂത്ത് കളക്ടീവാണ് സംഘാടകർ. വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ നിന്ന് വൈകിട്ട് 4ന് ആരംഭിക്കുന്ന മാർച്ചിൽ വിദ്യാർത്ഥികളും പൊതുജനങ്ങളും അണിനിരക്കും. തുടർന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ രോഹിത് വെമൂല സ്‌ക്വയറിൽ വിവിധ സംഗീത ഗ്രൂപ്പുകളുടെയും ചിത്രകാരൻമാരുടെയും കലാപ്രവർത്തകരുടെയും നേതൃത്വത്തിൽ രാത്രി വരെ നീളുന്ന പൗരത്വനിയമ വിരുദ്ധ കലാപരിപാടികൾ അരങ്ങേറും. എഴുത്തുകാരൻ ഹർഷ് മന്ദെർ, ഡോക്യുമെന്ററി സംവിധായകനായ ഗോപാൽ മേനോൻ, ജോളി ചിറയത്ത് (ചലച്ചിത്രപ്രവർത്തക), റാപ് ഗായകൻ സുമീത് സാമൂസ്,ചിത്രലേഖ, സിപി നഹാസ് (മനുഷ്യാവകാശ പ്രവർത്തകൻ),രാജു പി.നായർ,ഫിർദൗസ് (അലിഗർ യുണിവേഴ്സിറ്റി), തഷ്രീഫ് കെ.പി (ജാമിയ മിലിയ) തുടങ്ങിയവർ സംബന്ധി​ക്കും.