tp-senkumar-

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് അപമര്യാദയായി പെരുമാറിയ മുൻ ഡി.ജി.പി ടി..പി. സെൻകുമാറിനെതിരെ കേസെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മുതിർന്ന മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനെതിരെയാണ് കയ്യേറ്റശ്രമമുണ്ടായത്. പണ്ടിരുന്ന കസേരയുടെ ഹുങ്കില്‍ എക്കാലവും ലോകത്തെ വിറപ്പിച്ചു നിര്‍ത്താമെന്നു കരുതുന്നവർ സ്വപ്നലോകത്തുനിന്നു താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഏകാധിപത്യത്തിന്റെ വിട്ടുമാറാത്ത അസ്‌കിതയിൽ, തങ്ങൾ പറയുന്നതു മാത്രം കേട്ടെഴുതാനുള്ള ഏറാൻമൂളികളാണു മാദ്ധ്യമപ്രവർത്തകർ എന്നു ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണു ജീവിക്കുന്നതെന്നു മാത്രമേ പറയാൻ കഴിയൂ. വാർത്താസമ്മേളനത്തിൽ ശക്തമായ ചോദ്യം ഉന്നയിക്കുന്ന മാദ്ധ്യമപ്രവർത്തകനെ ബലം പ്രയോഗിച്ചു പുറത്താക്കാനും തിരിച്ചറിയൽ രേഖ നോക്കാനും ശ്രമിക്കുന്ന അധികാരത്തിന്റെ ആക്രോശം സാക്ഷര കേരളം ഒന്നടങ്കം അവജ്ഞയുടെ ചവറ്റുകുട്ടയിൽ തള്ളേണ്ടതുണ്ട്. മാദ്ധ്യമപ്രവർത്തകരുെട ആസ്ഥാനത്ത് ശാരീരിക വൈഷമ്യങ്ങളുള്ള ഒരു മാദ്ധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്ത ടി.പി സെൻ കുമാറിനെതിരെ കേസെടുക്കുകയാണു പൊലീസ് ചെയ്യേണ്ടതെന്നും പ്രസ്താവനയിൽ പറയുന്നു.

ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ച മാദ്ധ്യമ പ്രവർത്തകനോട് ഇവിടെ വരൂ എന്ന് ആജ്ഞാപിക്കാനും പിടിച്ചുപുറത്താക്കാൻ നിർദേശിക്കാനും മുൻ ഡി.ജി.പിക്കെന്നല്ല ഒരാൾക്കും ഒരു ഭരണഘടനയും അധികാരം നൽകിയിട്ടില്ലെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ ഓർമിപ്പിച്ചു.

കടവിൽ റഷീദിനോട് മോശമായി പെരുമാറിയ ടി.പി സെൻകുമാർ മാപ്പു പറയണമെന്ന് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.