ന്യൂഡൽഹി: കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ അന്തിമധാരണയായി. ഭാരവാഹി പട്ടിക വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. 90 മുതൽ 100വരെ ഭാരവാഹികൾ പട്ടികയിൽ ഇടംപിടിച്ചു. 30 ജനറല്‍ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയിൽ ഉൾപ്പെടുന്നു. ഒരാൾക്ക് ഒരു പദവി എന്ന നിർദേശം ഒഴിവാക്കി. തൃശൂർ ഡി.സി.സി അദ്ധ്യക്ഷനെയും ഇതോടൊപ്പം പ്രഖ്യാപിക്കും
കെ.പി.സി.സി പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവിയെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു. എം.പിമാരായ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷിനും വർക്കിംഗ് പ്രസിഡൻറുമാരായി തുടരാമെങ്കിൽ എം.എൽ.എ മാർക്കും ഭാരവാഹികളാകാമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി ചർച്ച നടത്തിയ നേതാക്കൾ തീരുമാനം ഹൈക്കമാൻഡിന് വിടുകയായിരുന്നു.
ഒരാൾക്ക് ഒരു പദവി എന്ന ആവശ്യത്തിൽ കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉറച്ചു നിന്നു. ഹൈക്കമാൻഡ് നിർദേശവും ഒരു പദവി എന്നത് തന്നെ. എന്നാൽ വർക്കിംഗ് പ്രെസിഡന്റുമാരായി കൊടിക്കുന്നിൽ സുരേഷും കെ.സുധാകരനും തുടരുമെന്ന സൂചന വന്നതാണ് പുതിയ തർക്കത്തിലേക്ക് വഴി വെച്ചത്. ഭാരവാഹി പട്ടികയിൽ ഇടം പ്രതീക്ഷിച്ചിരുന്ന ഐ വിഭാഗം എം.എൽ.എമാരായ വി.എസ്. ശിവകുമാർ ,വി.ഡി. സതീശൻ ,എ.പി അനിൽകുമാർ എന്നിവർ സമ്മർദം ശക്തമാക്കി.
സുധാകരനും കൊടിക്കുന്നിലിനും ഒരു നീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയും അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചർച്ച നടത്തി.