തലസ്ഥാനത്ത് അധികാരത്തിലെത്തുക എന്നത് ബി.ജെ.പിയുടെ അഭിമാന പ്രശ്നമായാണ് നേതൃത്വം കാണുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അനായാസം ജയം നേടാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പ്രധാനമായും പ്രദേശിക തലത്തിിലുള്ള പ്രശ്നങ്ങളാണ്. ദിനംതോറും ബി.ജെ.പിക്കെതിരെ ജനവികാരം വർദ്ധിച്ച് വരികെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയ മോദി തരംഗം ഇപ്പോൾ നിലനിൽക്കുന്നുമില്ല. പ്രതിപക്ഷം എന്ന നിലയിലും ബി.ജെ.പിക്ക് ഉയർത്തിക്കാട്ടാൻ യാതൊരു വിഷയമില്ലാത്തതും പാർട്ടിയെ വിഷമത്തിലാക്കിയിട്ടുണ്ട്.
തിരഞ്ഞടുപ്പ് അടുത്തപ്പോൾ മാത്രമാണ് ബി.ജെ.പി തലസ്ഥാനത്ത് ഒന്നിക്കുന്നത്. വിജയ് ഗോയൽ, ഹർഷ വർധൻ, മനോജ് തിവാരി എന്നിവരുടെ ഗ്രൂപ്പുകളിലായി വിഭാഗീയതയും ശക്തമാണ്. 1998ലാണ് ബി.ജെ.പിക്ക് തലസ്ഥാനത്ത് അധികാരം നഷ്ടമാകുന്നത്. അതിന്റെ കാരണവും ഇപ്പോഴത്തെ കാരണവും ഏകദേശം സമാനമാണ്. പച്ചക്കറിയുടെ വില വർദ്ധനവായിരുന്നു പ്രധാന വിഷയം. പ്രത്യേകിച്ച് ഉള്ളി വിലയായിരുന്നു പ്രശ്‌നം. ഇന്ന് അതേ സാഹചര്യം തന്നെ നിൽക്കുന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു.
ശക്തനായ ഒരു നേതാവിനെ തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ആണ് രംഗത്തിറക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ തന്ത്രങ്ങളും ബി.ജെ.പിക്ക് തിരിച്ചടിയാണ്. കെജ്‌രിവാളിന്റെ പോപ്പുലർ പൊളിറ്റിക്‌സ് തന്ത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. സൗജന്യ ജലം, സൗജന്യ വൈദ്യുതി, എന്നിവയ്ക്ക് ജനപ്രിയ ബദലൊരുക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. ഇതിന് പുറമേ ഈ സബ്‌സിഡികളൊക്കെ നിലനിർത്തുമെന്ന പ്രഖ്യാപനവും കെജ്‌രിവാളിന്റെ ജനകീയത വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.