teacher

കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി പ്രശ്‌നമുയർത്തി വിദ്യാർത്ഥിനികളോട് പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാൻ ഉപദേശിച്ച അദ്ധ്യാപകന് സസ്പെൻഷൻ. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. അദ്ധ്യാപകനെതിരെ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാനോട് സർക്കാർ ജീവനക്കാരിയായ രക്ഷിതാവ് ഫോണിൽ പരാതി പറയുന്നതിന്റെ ശബ്ദരേഖ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി.

സംഭവത്തിൽ അദ്ധ്യാപകനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയും എ.ഐ.വൈ.എഫും രംഗത്തെത്തിയിരുന്നു. ഗവ. ഗേൾസ് ഹൈസ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനെതിരെയാണ് പ്രതിഷേധമുയർന്നത്. പൗരത്വ ദേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച ശേഷമാണ് അദ്ധ്യാപകൻ ഈ വിധം പറഞ്ഞതെന്നാണ് രക്ഷിതാവ് പറയുന്നത്. വർഗീയപരാമർശം നടത്തുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്ത അദ്ധ്യാപകനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിരുന്നു.