തിരുവനന്തപുരം: സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് കളിയിക്കാവിളയിൽ എ.എസ്.ഐ വിത്സണെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ്.പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. അതേസമയം പ്രതികളുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെ പറ്റി ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശ്രീനാഥ് പറഞ്ഞു.
പ്രതികാരത്തിനായി കളിയക്കാവിള ചെക്പോസ്റ്റ് തിരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതുകൊണ്ടാണെന്നും പ്രതികൾ പറഞ്ഞു. കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിങ്കളാഴ്ച കുഴിതുറ കോടതിയിൽ ഹാജരാക്കണമെന്നും മജിസ്ട്രേട്ട്നിർദ്ദേശിച്ചു.
കുഴിതുറ ജുഡീഷ്യൽ മജിസ്‌ട്രേററ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റി. ഇവരെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. അതിനിടെ പ്രതികളുടെ ജാമ്യാപേക്ഷയുമായി വന്ന അഭിഭാഷകരെ ഒരു സംഘം ആളുകൾ തടഞ്ഞു. കോടതി തുറക്കുമ്പോൾ ജാമ്യാപേക്ഷ നൽകിയാൽ മതിയെന്ന് പറഞ്ഞായിരുന്നു തടഞ്ഞത്.
അതേസമയം, തമിഴ്നാട് പൊലീസിന്റെ കമാൻഡോകളെ അടക്കം തക്കല പൊലീസ് സ്റ്റേഷനിൽ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.