ന്യൂഡൽഹി : ഇംഗ്ളണ്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനിടെ ശ്രദ്ധ പിടിച്ചുപറ്റിയ 87 കാരിയായ ഇന്ത്യൻ ടീമിന്റെ സൂപ്പർ ഫാൻ ചാരുലത പട്ടേൽ അന്തരിച്ചു. ബംഗ്ളാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ ആർപ്പുവിളിച്ചും വുവുസേല ഉൗതിയും ആവേശം കാട്ടിയ മുത്തശ്ശിയെ മത്സരശേഷം ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലിയും രോഹിത് ശർമ്മയും ആശ്ളേഷിക്കാനെത്തിയിരുന്നു. ഇരുവർക്കും മുത്തശ്ശി അനുഗ്രഹം നൽകുന്ന ചിത്രങ്ങളും വൈറലായിരുന്നു.
സിന്ധുവും പുറത്ത്
ജക്കാർത്ത : ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽനിന്ന് ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവും പുറത്ത്. ഇന്നലെ പ്രീക്വാർട്ടറിൽ ജപ്പാന്റെ സയാക്ക തകാഹാഷിയാണ് 21-16, 16-21, 21-19ന് സിന്ധുവിനെ കീഴടക്കിയത്. കഴിഞ്ഞ ദിവസം സൈന നെഹ്വാൾ, കെ. ശ്രീകാന്ത്, പി. കാശ്യപ്, എച്ച്.എസ്. പ്രണോയ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ആദ്യറൗണ്ടിൽ പുറത്തായിരുന്നു.
ഇംഗ്ളണ്ടിന് ബാറ്റിംഗ്
പോർട്ട് എലിസബത്ത് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ളണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 204/4 എന്ന നിലയിലാണ് ഇംഗ്ളണ്ട്. സാക്ക് ക്രാവ്ലെ (44), ഡോം സിബിലി (36), ജോ ഡെൻലി (25), ജോ റൂട്ട് (25) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ഭൂവിക്ക് ശസ്ത്രക്രിയ
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റർ ഭുവനേശ്വർ ശർമ്മ അടിവയറ്റിലെ പരിക്കിന് ലണ്ടനിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആശുപത്രി വിട്ടശേഷം ഭുവി ബംഗളുരു നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ എത്തും.