
വിശ്വാസം വരാതെ വീണ്ടും വീണ്ടും ബലഭദ്രൻ തമ്പുരാൻ ആ മനുഷ്യനെ തുറിച്ചുനോക്കി.
''രഘുവരൻ..." അറിയാതെ ആ ചുണ്ടുകൾ മന്ത്രിച്ചു.
''അപ്പോൾ ഇയാളെ അറിയാം തമ്പുരാന്. അല്ലേ?"
സി.ഐ അലിയാർക്കു ചിരിവന്നു.
''ഇനിയും ഞങ്ങൾ പറഞ്ഞതിനെ എതിർക്കുവാൻ കഴിയുമോ തമ്പുരാന്?" എസ്.പി ഷാജഹാനും തിരക്കി.
മിണ്ടാനായില്ല തമ്പുരാന് !
ഈ പ്രപഞ്ചം അപ്പാടെ ഇടിഞ്ഞു ശിരസ്സിൽ പതിച്ച പ്രതീതി...
താൻ ഈ നിമിഷം പിടഞ്ഞു മരിച്ചിരുന്നുവെങ്കിൽ എന്ന് ബലഭദ്രനു തോന്നിപ്പോയി.
പിടിക്കപ്പെട്ടിരിക്കുന്നു!
അലിയാർ സംസാരിച്ചു.
''തമ്പുരാൻ. കഴിഞ്ഞ ചില ദിവസങ്ങളായി രഘുവരൻ എന്റെ കസ്റ്റഡിയിലായിരുന്നു. ഓർമ്മവച്ച കാലം മുതലുള്ള കാര്യങ്ങൾ ഇവൻ എന്റെ മുന്നിൽ ഛർദ്ദിച്ചു കഴിഞ്ഞു."
ബലഭദ്രന്റെ തല കുനിഞ്ഞു.
''എന്താണ് തമ്പുരാൻ മിണ്ടാത്തത്? നേരത്തെ ഉണ്ടായിരുന്ന ഊർജ്ജമൊക്കെ എവിടെപ്പോയി?"
അലിയാർ പരിഹസിച്ചു.
തലയുയർത്തിയില്ല തമ്പുരാൻ.
അല്പനേരം ആ മുറിക്കുള്ളിൽ നിശ്ശബ്ദത തളം കെട്ടി.
തമ്പുരാന്റെ കോപതാപങ്ങൾ തനിക്കു നേരെ തിരിയുമെന്ന് അറിയാവുന്നതുകൊണ്ടാവാം രഘുവരൻ എസ്.ഐ സുകേശിനെ മറയാക്കിയാണു നിൽക്കുന്നത്.
''അയാളെ കൊണ്ടുപോ." എസ്.പി ഷാജഹാൻ, സുകേശിനോടു നിർദ്ദേശിച്ചു.
സുകേശ് അയാളുമായി മടങ്ങി. അലിയാർ വാച്ചു നോക്കി.
പുലർച്ചെ അഞ്ചുമണി.
ഒരു പോലീസുകാരൻ മൂന്നു ഗ്ളാസ് ചായ കൊണ്ടുവന്നു മേശമേൽ വച്ചു. ശേഷം ഒന്നും മിണ്ടാതെ മടങ്ങി വാതിൽ അടച്ചു.
''ചായ കുടിക്ക് തമ്പുരാൻ."
അലിയാർ പറഞ്ഞു.
ആരെയും നോക്കാതെ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ബലഭദ്രൻ ഗ്ളാസ് എടുത്തു.
രണ്ടിറക്ക് കുടിച്ചശേഷം മെല്ലെ സംസാരിച്ചു.
''നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണ്. പക്ഷേ, രഘുവരൻ ഒഴികെ വേറൊരു തെളിവും സാക്ഷിയും നിങ്ങളുടെ മുന്നിൽ ഇല്ലെന്നും അറിയാം. എങ്കിലും ഞാൻ ഒരു ഓഫർ വയ്ക്കുന്നു. ഈ കേസിൽ നിന്ന് എന്നെ ഒഴിവാക്കിയാൽ രണ്ടുപേർക്കും പത്തുകോടി വീതം. പിന്നെ നിങ്ങൾ പറയുന്ന പോലീസുകാർക്കും വേണ്ടത് കൊടുക്കാം ഞാൻ."
അലിയാരുടെ മുഖം ചുവന്നു. അയാൾ ചാടിയെഴുന്നേറ്റു.
''താൻ എന്താടോ ഞങ്ങളെക്കുറിച്ചു വിചാരിച്ചത്? സി.ഐ ഋഷികേശിനെയും എസ്.ഐ അശോകനെയും പോലെ ഉള്ളവരാണെന്നോ? നോക്ക്. ഇനി ഇങ്ങനെയൊരു വാചകം തന്റെ നാവിൽ നിന്നു വന്നാൽ അടിച്ച് കരണം പുകയ്ക്കും ഞാൻ."
ആ ഭാവം കണ്ട് ബലഭദ്രൻ നടുങ്ങി.
''അലിയാർ കൂൾ ഡൗൺ."
ഷാജഹാൻ പറഞ്ഞു. 'താൻ ഇരിക്ക്."
രോഷമടങ്ങാതെ അലിയാർ ഇരുന്നു.
''മിസ്റ്റർ ബലഭദ്രൻ." ഷാജഹാൻ മെല്ലെ സംസാരിച്ചു. ''പാസിംഗ് ഔട്ട് പരേഡു കഴിയുന്നതുവരെ ഒരു പോലീസ് ഉദ്യോഗസ്ഥനും കൈക്കൂലിയെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല. അതിനുശേഷം ഇവിടുത്തെ നാറിപ്പുഴുത്ത രാഷ്ട്രീയക്കാരും നിങ്ങളെപ്പോലെ പണക്കാരായ ആളുകളുമാണ് ഞങ്ങളെപ്പോലെയുള്ളവരെ കൈക്കൂലിക്കാരും അഴിമതിക്കാരും ആക്കുന്നത്. പത്തുകോടി രൂപ എന്നു പറഞ്ഞാൽ എനിക്കും അലിയാർക്കുമൊക്കെ സ്വപ്നം പോലും കാണാൻ കഴിയാത്ത സംഖ്യയാണ്."
ഷാജഹാൻ ഒന്നു നിർത്തി.
ബലഭദ്രൻ ആ മുഖത്തേക്കു നോക്കിയിരുന്നു. എസ്.പി പറഞ്ഞുവരുന്നത് എന്താണെന്ന് അലിയാർക്കും മനസ്സിലായില്ല.
ഷാജഹാൻ അയാൾക്കു നേരെ തിരിഞ്ഞു.
''അലിയാർ..."
''സാർ."
''നമ്മൾ നടപടിയെടുത്താലും തമ്പുരാൻ കേസിൽ നിന്ന് ഊരിപ്പോകും. നമുക്ക് ഓഫർ ചെയ്തതിന്റെ പകുതി പണം സുപ്രീംകോടതിയിലെ ഏതെങ്കിലും മിടുക്കനായ അഡ്വക്കേറ്റിനു കൊടുത്താൽ മതിയാകും."
''സാർ...?" അലിയാർ എന്തോ പറയുവാൻ ഭാവിച്ചു.
പക്ഷേ ഷാജഹാൻ കൈ ഉയർത്തി.
''ഞാൻ സംസാരിച്ചു കഴിയട്ടെ."
അലിയാർക്കു മുഷിഞ്ഞു.
അത് മനസ്സിലായെങ്കിലും അങ്ങനെ നടിച്ചില്ല ഷാജഹാൻ. അയാൾ ബാക്കി പറഞ്ഞു:
''നമ്മൾ എന്തുചെയ്താലും മരണപ്പെട്ടവർ തിരിച്ചുവരില്ല അലിയാർ. ആ നിലയ്ക്ക് ഞാൻ തമ്പുരാന്റെ ഓഫർ സ്വീകരിക്കുന്നു. ജീവിച്ചിരിക്കുന്നവർക്ക് എങ്കിലും തമ്പുരാനെക്കൊണ്ട് പ്രയോജനമുണ്ടാകട്ടെ."
''സാർ...."
അലിയാർക്കു പെരുത്തുകയറി.
''അലിയാർ ഞാൻ നിന്റെ സുപ്പീരിയറാണ്. ഞാൻ തീരുമാനിക്കും. നീ അനുസരിക്കും."
ഷാജഹാൻ ഇങ്ങനെ പ്രതികരിക്കുമെന്ന് കരുതിയില്ല അലിയാർ. കൂടെനിന്നു ചതിച്ചിരിക്കുന്നു. അയാളുടെ ഞരമ്പുകൾ വലിഞ്ഞുമുറുകി.
ഷാജഹാൻ പിന്നെയും ബലഭദ്രനോടു പറഞ്ഞു.
''തമ്പുരാന് പോകാം. കയ്യിൽ കിട്ടിയവന്മാരെ ഞങ്ങൾ പ്രതികളാക്കും. പിന്നെ പണം എപ്പോൾ എവിടെയെത്തിക്കണമെന്ന് ഞാൻ പറയാം."
''താങ്ക്‌യൂ... താങ്ക്‌യൂ സാർ.." സന്തോഷത്തോടെ ബലഭദ്രൻ എഴുന്നേറ്റ് ഷാജഹാന്റെ കൈ പിടിച്ചുകുലുക്കി. പിന്നെ അഹങ്കാരത്തോടെ തലയുയർത്തി അലിയാരെയും ഒന്നു നോക്കി.
തുടർന്ന് വാതിൽ തുറന്നു പോയി.
''സാർ..." സങ്കടവും ദേഷ്യവും ഒന്നിച്ചുണ്ടായി അലിയാർക്ക്. ''സാറിൽ നിന്ന് ഞാനിങ്ങനെ പ്രതീക്ഷിച്ചില്ല."
ഷാജഹാൻ പുഞ്ചിരിച്ചു.
''നീ എന്താ അലിയാരെ എന്നെക്കുറിച്ചു കരുതിയത്? തമ്പുരാനോട് പറഞ്ഞതൊക്കെ സത്യമാണെന്നോ?"
''പിന്നെ?" അലിയാർ നെറ്റി ചുളിച്ചു.
''കള്ളം പച്ചക്കള്ളം."
''തമ്പുരാൻ രക്ഷപെടില്ലേ?"
''ഇല്ല."
അലിയാർ ഒന്നും മനസ്സിലാകാതെ മിഴിച്ചിരുന്നു.
(തുടരും)