കൊച്ചി: കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിറോ മലബാർ സിനഡ് സർക്കുലറിനെതിരെ സഭയുടെ തന്നെ കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രമായ 'സത്യദീപം'. ലൗ ജിഹാദുമായി ബന്ധപ്പെട്ടുള്ള സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും സർക്കുലറിനെ പിന്തുണച്ചുകൊണ്ടുള്ള പി.ഒ.സി ഡയറക്ടറുടെ ലേഖനം 'ജന്മഭൂമി' പത്രത്തിൽ അച്ചടിച്ച് വന്നത് ആശങ്ക ഉളവാക്കുന്നുവെന്നുമാണ് മുഖപത്രം വിമർശിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ലൗ ജിഹാദിന്റെ പേരിൽ ഒരു സർക്കുലർ ഇറക്കുന്നത് ഒരു മതത്തെ മാത്രം ചെറുതാക്കുന്നതിന് വേണ്ടിയാണെന്നും അത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ലൗ ജിഹാദിന് തെളിവില്ലെന്ന കാര്യം സർക്കാരും ഹൈകോടതിയും വ്യക്തമാക്കിയതാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്. സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്റർ വൈദിക സമിതിയുടെ സെക്രട്ടറിയുമായ ഫാദർ കുര്യാക്കോസ് മുണ്ടാടന്റെ ലേഖനത്തിലാണ് ഈ പരാമർശങ്ങൾ ഉള്ളത്.
കേരളത്തിൽ ലൗ ജിഹാദ് ശക്തമാണെന്ന പ്രസ്താവനയുമായി സിറോ മലബാർ സഭ അടുത്തിടെ രംഗതെത്തിയിരുന്നു. ക്രിസ്ത്യൻ സമുദായത്തിലുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നുമാണ് സഭാ സിനഡ് പറഞ്ഞത്. സിനഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങളെ കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നത്.
സിറോ മലബാർ സഭയുടെ വാർഷിക സിനഡ് സമ്മേളനത്തെ സംബന്ധിച്ചുള്ള വാർത്താക്കുറിപ്പാണിത്. തങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്നതിനായി ഏതാനും കണക്കുകളും സഭ മുന്നോട്ടുവച്ചിരുന്നു. കേരളത്തിൽ നിന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരിൽ പകുതി പേരും ക്രിസ്ത്യൻ സമുദായത്തിൽ നിന്നുമുള്ളവരാണെന്നും പൊലീസ് രേഖകളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ സംസാരിക്കുന്നതെന്നും സഭ ചൂണ്ടിക്കാട്ടിയിരുന്നു.