ശ്രീനഗർ: റിപ്പബ്ലിക് ദിനത്തിന് മുമ്പ് വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ജയ്ഷെ ഭീകരവാദികളെ ശ്രീനഗർ പൊലീസ് അറസ്റ്റ് ചെയ്തു. പാക് ആസ്ഥാനമായുള്ള ജയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടനയാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. ഐജാസ് അഹമ്മദ് ഷെയ്ഖ്, ഉമർ ഹമീദ് ഷെയ്ക്ക്, ഇംതിയാസ് അഹമ്മദ് ചിക്ല, സാഹിൽ ഫാറൂഖ് ഗോജ്രി, നസീർ അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്. യു.എൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മസൂദ് അസറിന്റെ ഭീകരവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ടരാണ് പിടിയിലായ അഞ്ച് ഭീകരരും.
140ലധികം ജെലാറ്റിൻ സ്റ്റിക്കുകളും, 40 ഡിറ്റോണേറ്ററുകളും ഉൾപ്പെടെ സ്‌ഫോടകവസ്തുക്കളുടെ ഒരു വലിയ ശേഖരം ശ്രീനഗർ പൊലീസ് ഭീകരരിൽ നിന്നും കണ്ടെടുത്തു. ഇത് ഒരു വലിയ വിജയമാണ്, ഭീകരാക്രമണം നടത്താനുള്ള ജയ്ഷെ പദ്ധതിയെ ജമ്മു കാശ്മീർ പൊലീസ് പരാജയപ്പടുത്തിയെന്നും ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു.
ഇന്ത്യയിൽ നടന്നിട്ടുള്ള പല ഭീകരാക്രമണങ്ങൾക്ക് പിന്നിലും പ്രവർത്തിച്ചത് ജയ്ഷെ മുഹമ്മദായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ജമ്മു കാശ്മീരിലെ പുൽവാമയിൽ ആക്രമണം നടത്തിയതും ജയ്ഷെ മുഹമ്മദായിരുന്നു. ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടമായിരുന്നു.