മാരുതി ബലേനോയിൽ എത്തിയ നടി മഞ്ജുവാര്യർ പെട്ടെന്ന് കെ.എസ്.ആർ.ടി.സി ബസിലേക്ക് ചാടിക്കയറി. കണ്ടു നിന്ന നാട്ടുകാരാകട്ടെ ആകെ അമ്പരന്നും പോയി. പിന്നീടാണ് സംഭവം മനസിലായത് സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നുവെന്ന്. കഴിഞ്ഞദിവസം തിരുവനന്തപുരം തമ്പാനൂർ ബസ് സ്‌റ്റാൻഡിൽ നടന്ന സംഭവങ്ങളാണിത്. ചതുർമുഖം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരാഴ്‌ചയിലേറെയായി മഞ്ജു തിരുവനന്തപുരത്തുണ്ട്.
മാരുതിയുടെ ചുവന്ന ബലേനോയിലാണ് ലൊക്കേഷനിലേക്ക് മഞ്ജു എത്തിയത്. തുടർന്ന് ചുമലിൽ ബാഗും തൂക്കി മുഖത്ത് അൽപം ടെൻഷനോടെ അകലേക്ക് നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് ഓടിക്കയറുകയായിരുന്നു. സിനിമാ ഷൂട്ടിംഗിന്റെ ലക്ഷണങ്ങൾ ആദ്യമേ കണ്ടിരുന്നെങ്കിലും, അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ നാട്ടുകാർ ആകെ അമ്പരപ്പിലായി. എന്നാൽ മിനുട്ടുകൾക്കുള്ളിൽ തന്നെ ചിത്രീകരണം പൂർത്തിയാക്കി സ്വതവേയുള്ള നിറഞ്ഞ പുഞ്ചിരിയും സമ്മാനിച്ച് ബലേനോയിൽ തന്നെ മഞ്ജു മടങ്ങി.
രഞ്ജിത്ത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചതുർമുഖം ഒരു ഹൊറർ ത്രില്ലറാണ്. സണ്ണി വെയ്‌നാണ് ചിത്രത്തിൽ മറ്റൊരു പ്രധന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് തോമസും ജസ്റ്റിൻ തോമസും ചേർന്നാണ് നിർമ്മാണം.