red-241

എസ്.പി ഷാജഹാൻ സി.ഐ അലിയാരുടെ മുഖത്തേക്ക് ഒരു നിമിഷം നോട്ടം നട്ടു. പിന്നെ പറഞ്ഞു.

''അലിയാരേ... നമ്മുടെ വലയിൽ അധികകാലം കുരുക്കിയിടാൻ കഴിയാത്ത കൊമ്പൻ സ്രാവാണ് ബലഭദ്രൻ തമ്പുരാൻ. അയാൾക്ക് വേണ്ടത്ര പണവും സ്വാധീനവും ആൾബലവുമുണ്ട്. രാത്രിയിൽ അയാളെ കസ്റ്റഡിയിൽ എടുത്തതുകൊണ്ടാണ് അയാളുടെ ആളുകൾ ഇളകാതിരുന്നത്. മാത്രമല്ല നമ്മൾ എല്ലാം മനസ്സിലാക്കിയെന്നും ഇപ്പോൾ നമ്മളെ വിലയ്ക്കെടുത്തുവെന്നും അയാൾ കരുതുന്നതിനാൽ ഇനിയൊരു പ്രശ്നവും ഉണ്ടാകുവാൻ പോകുന്നുമില്ല.

പക്ഷേ ഇതൊന്നും അംഗീകരിക്കുവാൻ അലിയാരുടെ മനസ്സ് അനുവദിച്ചില്ല.

''എന്നാൽ സാർ... അയാൾ കൊടുംകുറ്റവാളികളുടെ ഗണത്തിൽ പെട്ടവനാണ്."

''ഐ നോ. അതുകൊണ്ടുതന്നെയാണ് ഞാൻ വിട്ടയച്ചതും. നമ്മുടെ നിയമത്തിന്റെ നൂലിഴകൾ മുറിച്ച് അയാൾ രക്ഷപെടുമ്പോൾ നമുക്ക് നമ്മോടു തന്നെ തോന്നുന്ന ഒരു വികാരമുണ്ടല്ലോ. പുച്ഛം! അത് ഒഴിവാക്കാനും തമ്പുരാന് അർഹിക്കുന്ന ശിക്ഷ ലഭിക്കുവാനും."

''ശിക്ഷയോ. ആര് ശിക്ഷിക്കാൻ?" അലിയാരുടെ പുരികം ചുളിഞ്ഞു.

''അതൊക്കെ വരും മണിക്കൂറുകളിൽ നമുക്ക് ബോദ്ധ്യപ്പെടും. ഇപ്പോഴും എനിക്ക് നിന്നോട് ഒന്നേ പറയുവാനുള്ളു. പാഞ്ചാലിക്ക് നീതി കിട്ടണം."

എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ചാണ് എസ്.പി സംസാരിക്കുന്നതെന്ന് അലിയാർക്കു ബോദ്ധ്യമായി. അതുകൊണ്ടുതന്നെ അയാൾ പിന്നീട് ആ കാര്യത്തെക്കുറിച്ചു സംസാരിച്ചില്ല.

ഷാജഹാൻ വിഷയം മാറ്റി.

''നേരം പുലർന്നാലുടൻ ചാനലുകാരെ വിവരമറിയിച്ചിട്ട് കരുളായി വനത്തിലേക്കു പോകണം. പ്രജീഷിന്റെ ദാരുണമരണം അവർക്ക് ബ്രേക്കിംഗ് ന്യൂസാണ്. തൽക്കാലം ബലഭദ്രൻ തമ്പുരാൻ ഉൾപ്പെട്ട കേസാണെന്ന കാര്യം പുറം ലോകം അറിയണ്ടാ. അതിനു ശേഷം താൻ വടക്കേ കോവിലകത്തേക്കു പോകുക. അവിടെയും ഉണ്ടാവും വാർത്തകളുടെ ഒരു മഹാസദ്യ."

''സാർ..."

''നേരം അഞ്ചരയാകുന്നു. ഈ രാത്രി താൻ ഒട്ടും ഉറങ്ങിയില്ല. അല്ലേ?"

''ഇല്ല സാർ..."

''എങ്കിൽ ക്വാർട്ടേഴ്സിൽ പോയി കുറച്ചുനേരം ഒന്നു കിടക്ക്."

''വേണ്ട സാർ. ഈ കേസിനു പരിസമാപ്തിയുണ്ടാകാതെ ഇനി എനിക്ക് ഉറങ്ങാൻ കഴിയില്ല."

സി.ഐ അലിയാരുടെ മുഖത്തും ഒരു പുഞ്ചിരി മിന്നി.

ആ സമയം വടക്കേ കോവിലകം.

തട്ടിൻപുറത്തുനിന്നു താഴെ വീണ ശേഖരകിടാവിനെ അവിടെ പ്രതിമ കണക്കെ നിന്നിരുന്ന രൂപം കുറച്ചുനേരം തുറിച്ചുനോക്കി.

ഭീതി കാരണം ശേഖരന്റെ തൊണ്ട വറ്റി വരണ്ടിരുന്നു.

അയാൾക്ക് അവിടെ നിന്ന് എഴുന്നേൽക്കണമെന്ന ആഗ്രഹമുണ്ട്. എന്നാൽ കഴിയുന്നില്ല. നട്ടെല്ലിനു ക്ഷതമേറ്റതുപോലെ...

ഇനി ആ നിൽക്കുന്നത് ശരിക്കും ഒരു പ്രതിമ തന്നെയാണോ?

ശേഖരനു സംശയമായി.

അയാൾ വല്ല വിധേനയും ചുണ്ടനക്കി.

''ആ...രാ?"

മറുപടിയില്ല.

എന്നാൽ അടുത്ത നിമിഷം അടുത്തു വരുന്ന കാലടിയൊച്ചകൾ കേട്ടു. അയാളുടെ നോട്ടം വട്ടം കറങ്ങി.

കുറേയേറെ കറുത്ത രൂപങ്ങൾ...!

''കൊണ്ടുവാ."

അതുവരെ നിശ്ചലം നിന്ന രൂപത്തിൽ നിന്ന് അപ്പോൾ മാത്രം ഒരു ശബ്ദമുണ്ടായി. ഒപ്പം അത് തിരിഞ്ഞു നടന്നു.

കറുത്ത രൂപങ്ങൾ ശേഖരന്റെ കൈകാലുകളിൽ പിടിച്ച് വലിച്ചുയർത്തി.

''ഹയ്യോ..."

നട്ടെല്ല് പൊട്ടിപ്പിളരുന്ന വേദനയിൽ അയാൾ അലറിക്കരഞ്ഞു. ആ ശബ്ദം കോവിലകത്തിന്റെ കോണുകളിൽ തട്ടി മുറിഞ്ഞുവീണു.

നടുത്തളത്തിലേക്കാണ് ശേഖരനെ അവർ കൊണ്ടുപോയത്.

അവിടെ ഉത്തരത്തിൽ ഒരു കയർ കുരുക്കുണ്ടായിരുന്നു. തൂക്കിക്കൊല്ലുവാൻ വിധിക്കുന്നവർക്കു വേണ്ടിയുള്ളതുപോലെ...

''ശേഖരാ..." ഒരു ഗുഹയിൽ നിന്നെന്നവണ്ണം ആദ്യത്തെ രൂപത്തിൽ നിന്നു ശബ്ദം പുറത്തുവന്നു.

''പറയാനുള്ളതൊക്കെ നിന്റെ സഹോദരനോടു പറഞ്ഞിട്ടാണ് കൊന്നത്. അതുകൊണ്ട് നിന്നോട് കൂടുതൽ സംസാരിക്കാനോ നിന്നെ വിചാരണ ചെയ്യാനോ ഞങ്ങൾക്ക് താൽപ്പര്യമില്ല. സമയവുമില്ല..."

''ചേട്ടനെ... ചേട്ടനെ കൊന്നോ?" ശേഖരൻ വിക്കി.

'കൊന്നു."

പറഞ്ഞതും അയാളെ തൂക്കിയെടുത്തുകൊണ്ടു വന്നവർ പിടിവിട്ടു.

ഒരു ചാക്കുകെട്ടു കണക്കെ ശേഖരൻ തറയിൽവീണു.

''എന്നെ.. കൊല്ലരുത്."

ചുറ്റും നിന്നവർ ആർത്തുചിരിച്ചു.

''നിന്നെ കൊല്ലാതിരിക്കുന്നത് എങ്ങനെയാ? ചേട്ടന്റെയൊപ്പം സകല പാപങ്ങൾക്കും കൂട്ടുനിന്നവനല്ലേ നീ? അന്യന്റെ സ്വത്ത് കവർന്നെടുക്കാൻ ഗുഹാമാർഗ്ഗം വഴി ഇവിടെയെത്തിയവൻ. അങ്ങനെയുള്ളവനൊക്കെ ഈ ഭൂമിക്കു ഭാരമാ ശേഖരാ..."

ആദ്യത്തെ രൂപത്തിന്റെ പല്ലുകൾ അമർന്നു ഞെരിയുന്ന ശബ്ദം ശേഖരൻ കേട്ടു.

''എന്നെ കൊല്ലാതിരുന്നാൽ ഞാൻ എന്ത് വേണമെങ്കിലും തരാം."

''ഇതുതന്നെയാ നിന്റെ ചേട്ടനും പറഞ്ഞത്. പക്ഷേ, തരാൻ നിന്റെ പക്കൽ എന്തുണ്ട്? ഉടുതുണിയല്ലാതെ..."

മറുപടിയില്ലായിരുന്നു ശേഖരന്.

അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. എന്നിട്ടും പോളകളെ പിളർത്തിക്കൊണ്ട് രണ്ടു തുള്ളികൾ കവിളിലേക്കിറ്റു.

''മരിക്കാൻ പറ്റിയ സമയമാ ഇത്. ഇരുട്ടിന്റെ വിടവാങ്ങലും വെളിച്ചത്തിന്റെ ആഗമനവും. വരും തലമുറകളെങ്കിലും 'നേരെ ചൊവ്വേ' ജീവിക്കുവാൻ നിന്റെ മരണം കൊണ്ട് സാദ്ധ്യമാകുമെങ്കിൽ അതൊരു പുണ്യപ്രവൃത്തിയാണു ശേഖരാ. അപ്പോൾ പൊയ്‌ക്കോ. ഇനി സംസാരമില്ല."

ആ രൂപം പറഞ്ഞു നിർത്തി.

മറ്റുള്ളവർ ശേഖരനെ എടുത്തുയർത്തി. കയർ കുരുക്കിലേക്കു കഴുത്തുകയറ്റി. കയർ മുറുക്കി. പിന്നെ പിടിവിട്ടു.

കഴുത്തിൽ കയർ കുരുങ്ങിയ ശേഖരൻ ഏതാനും നിമിഷം ചൂണ്ടയിൽ കൊരുക്കപ്പെട്ട വരാലിനെപ്പോലെ വെട്ടിപ്പുളഞ്ഞു.

(തുടരും)